മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലയണൽ മെസിക്ക്; അർജന്റീന മികച്ച ടീം
പാരിസ്: 2022ലെ മികച്ച കായിക താരങ്ങൾക്കുള്ള ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഫുട്ബോൾ താരം ലയണൽ മെസിയാണ് പുരുഷ കായിക താരം. മികച്ച ടീമിനുള്ള പുരസ്കാരം അർജന്റീന ഫുട്ബോൾ ടീമും സ്വന്തമാക്കി. ജമൈക്കൻ സ്പ്രിന്റ് താരം ഷെല്ലി ആൻ ഫ്രേസറാണ് വനിതാ താരം.
കായിക രംഗത്തെ ഓസ്കർ എന്നാണ് ലോറസ് പുരസ്കാരങ്ങൾ അറിയപ്പെടുന്നത്. ഇതു രണ്ടാം തവണയാണ് മെസിക്ക് ലോറസ് പുരസ്കാരം ലഭിക്കുന്നത്. 2022ലെ ഫിഫ ബെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിന് പിന്നാലെയാണ് ലോറസ് പുരസ്താരവും താരത്തെ തേടിയെത്തുന്നത്. നീണ്ട 36 വർഷത്തെ ഇടവേളയ്ക്കുശേഷം ഖത്തറിൽ ഫ്രാൻസിനെ തോൽപിച്ച് ലോകകപ്പ് കിരീടം അർജന്റീനയിലെത്തിച്ച മെസിക്കിത് ഇരട്ട സന്തോഷമായി. 2020ലാണ് ഇതിനുമുൻപ് താരത്തിന് ഇതേ പുരസ്കാരം ലഭിക്കുന്നത്.
ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ, ഫോർമുല വൺ മുൻ ലോക ചാംപ്യൻ മാക്സ് വെസ്റ്റാപ്പൻ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ ഒരേ വർഷം രണ്ട് അവാർഡിനർഹനാകുന്ന ആദ്യം താരം കൂടിയായി മെസി. കൂടാതെ ലോറസ് പുരസ്കാരം രണ്ടുതവണ നേടുന്ന ആദ്യ ഫുട്ബോൾ താരവും. മെസിയുടെ നായകത്വത്തിൽ ഖത്തറിൽ വിശ്വകിരീടം സ്വന്തമാക്കിയ അർജന്റീന സംഘമാണ് മികച്ച ടീം.