മകളെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽനിന്നെത്തിയ പിതാവ് പ്രതിയെ കൊലപ്പെടുത്തി മടങ്ങി
ഹൈദരാബാദ്: 12 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി. കുവൈത്തിലായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയാണ് കുവൈത്തിൽ നിന്നെത്തി ബന്ധുവിനെ കൊലപ്പെടുത്തിയത്. ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഡിസംബർ ആദ്യത്തിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. രാത്രി വീടിന് പുറത്ത് കിടന്നുറങ്ങുമ്പോഴാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. ഡിസംബർ ആറിനാണ് കൊലപാതകം നടത്തിയതെന്ന് രാജംപേട്ട് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ എൻ. സുധാകർ പറഞ്ഞു.
കുവൈത്തിൽ തിരിച്ചെത്തിയ ശേഷം വീഡിയോ സന്ദേശത്തിലൂടെ പിതാവ് തന്നെയാണ് കൊലപാതകം നടത്തിയ വിവരം പുറത്തുവിട്ടത്. മകളുടെ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനാലാണ് താൻ കൊല നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കൾ വിദേശത്തായതിനാൽ അമ്മയുടെ സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് മകൾ താമസിച്ചിരുന്നത്. ഭാര്യാ സഹോദരിയുടെ ഭർതൃപിതാവാണ് കൊല്ലപ്പെട്ടത്.