കൊടുംക്രൂരതയ്ക്ക് ഒടുവില്‍ ശിക്ഷ വിധിച്ചു; ഷെഫീക്കിനെ നിരന്തരം ഉപദ്രവിച്ച് കൊല്ലാന്‍ നോക്കിയ രണ്ടാനമ്മയ്ക്ക് 10 വര്‍ഷം തടവ്; അച്ഛന് 7 വര്‍ഷം

Finally sentenced for cruelty; Stepmother who repeatedly tortured

 

ഇടുക്കി കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ പിതാവ് ഷെരീഫിന് ഏഴ് വര്‍ഷം തടവും ശിക്ഷ വിധിച്ചു. ഷെരീഫ് 7 വര്‍ഷം തടവ് കൂടാതെ 50000 രൂപ പിഴയും അടയ്ക്കണം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

വിവിധ വകുപ്പുകള്‍ തിരിച്ചാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒന്നാം പ്രതി സ്ത്രീയായതും ജീവിത സാഹചര്യം മോശമായിരുന്നതും മക്കളുണ്ടെന്നതും കോടതി പരിഗണിച്ചു. നീതി ലഭിച്ചെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അനീഷയ്ക്ക് ഐപിസി 307 വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അധികമായി അനുഭവിക്കണം. ഐപിസി 324 പ്രകാരം മൂന്ന് വര്‍ഷം തടവും വിധിച്ചു.

 

കൊടുംക്രൂരതകള്‍ക്കിരയായ അഞ്ചുവയസ്സുകാരന്‍ ഷെഫീഖിനെ 2013 ജൂലൈ 15ന് ആണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചത്. പട്ടിണി കിടന്ന് എല്ലും തോലുമായ രീതിയിലായിരുന്നു ശരീരം. ഓടിക്കളിച്ചപ്പോള്‍ വീണ് പരിക്കെറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. ഷെഫീക്കിന് മര്‍ദ്ദനമേറ്റെന്ന് ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ക്ക് മനസിലായതോടെ മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം പുറം ലോകമറിഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനം നിലച്ചതും തുടര്‍ച്ചയായി ഉണ്ടായ അപസ്മാരവും മൂലം ഷെഫീക്കിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്ന അവസ്ഥയായി.

വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം ജീവന്‍ തിരിച്ചു പിടിച്ചെങ്കിലും തലച്ചോറിനെറ്റ പരുക്ക് കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 2022 ലാണ് വാദം തുടങ്ങിയത്. ചികിത്സാ പിഴവാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും സാഹചര്യ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍ണായകമായി. വധശ്രമം, ക്രൂരമര്‍ദ്ദനം, പൊള്ളലേല്‍പ്പിക്കല്‍ തുടങ്ങി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെഫീക്കിനെയും സര്‍ക്കാര്‍ നിയമിച്ച ആയ രാഗിണിയെയും 2014 ല്‍ തൊടുപുഴ അല്‍ അഹ്സര്‍ മെഡിക്കല്‍ കോളജ് കോളേജ് ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *