‘വിജയ് ഹസാരെ ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കാന്‍ ശ്രമിച്ചു’; കെ സി എ ക്കെതിരെ ഗുരുതര ആരോപണവുമായി സഞ്ജുവിന്റെ പിതാവ്
വിജയ് ഹസാരെ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കാൻ കെസിഎ ശ്രമിച്ചെന്ന് സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. ആഭ്യന്തരമത്സരം കളിക്കാൻ തയ്യാറാണ് എന്ന് സഞ്ജു അറിയിച്ചു. പിന്നെ എന്തിന് വിജയ് ഹസാരെ ടീമിൽ നിന്ന് ഒഴിവാക്കിയെന്നും പിതാവ് ചോദിച്ചു. താൻ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭരണത്തിലേക്ക് വരുമെന്ന് ചിലർ ഭയക്കുന്നുവെന്നും സാംസൺ വിശ്വനാഥ് മീഡിയവണിനോട് പറഞ്ഞു.Vijay Hazare
ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാത്തതിന് പിന്നാലെ ഉയർന്ന വിവാദം ചൂടുപിടിക്കുകയാണ്. സഞ്ജുവിനെ അതിരൂക്ഷമായി കടന്നാക്രമിച്ച് കെസിഎ പ്രസിഡൻ്റ് ജയേഷ് ജോർജ് ഇന്നലെ മീഡിയവണിലൂടെ രംഗത്ത് വന്നിരുന്നു. ഇതോടെ കെ സി എക്കെതിരെ സമൂഹമാധ്യമങ്ങളിൽ സഞ്ജു ആരാധകര്‍ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി. കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്ന സാഹചര്യത്തിൽ, സഞ്ജുവിന് വിജയ് ഹസാരെ ടീമിൽ ഇടം നൽകാമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ടിനു യോഹന്നാന് പ്രതികരിച്ചു.
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ നശിപ്പിക്കുന്നു എന്ന വിമർശനമുന്നയിച്ച് ശശി തരൂരാണ് വിവാദങ്ങളുടെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തരൂരിനെ പ്രതിരോധിച്ചും സഞ്ജു സാംസണെ കടന്നാക്രമിച്ചും കെസിഎ പ്രസിഡണ്ട് തന്നെ വിവാദങ്ങളുടെ പിച്ചിൽ പാഡുകെട്ടി. വിജയ് ഹസാരെ ക്യാമ്പിൽ സഞ്ജു എത്താതിരുന്ന സാഹചര്യങ്ങൾ വിശദീകരിച്ച, ജയേഷ് ജോർജ് അതിരൂക്ഷമായ ഭാഷയിലാണ് സഞ്ജുവിന്റെ നടപടികളെ വിമർശിച്ചത്.
എന്നാൽ മുമ്പ് ക്യാമ്പിൽ പങ്കെടുക്കാത്ത സാഹചര്യത്തിലും സഞ്ജു സാംസൺ കേരളത്തിനായി കളിച്ചിട്ടുണ്ടെന്നും, കെസിഎയുടെ അച്ചടക്ക നടപടികൾക്ക് യാതൊരു തരത്തിലും വിധേയനാകാത്തത്തിനാലും, ടീമിനൊപ്പം ചേരാനുള്ള താല്പര്യം പ്രകടിപ്പിച്ചതിനാലും വിജയ് ഹസാരെയിൽ സഞ്ജുവിനിടം നൽകാമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ പ്രതികരിച്ചു.