കർഷക നേതാക്കൾ ഇടപെട്ടു; മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ
ഹരിദ്വാര്‍: മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിൽ ഗുസ്തിതാരങ്ങളുടെ അടുത്തെത്തി ആശ്വസിപ്പിച്ചാണ് അവരെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്.
കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്.
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തിയിരുന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറിയത്. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയത്.
അതേസമയം ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അനിൽ കുംബ്ലെ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കുംബ്ലെയുടെ പ്രതികരണം. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.
”മേയ് 28ന് നമ്മുടെ ഗുസ്തിക്കാർക്കുനേരെയുണ്ടായ ബലപ്രയോഗത്തെ കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”-കുംബ്ലെ ട്വീറ്റ് ചെയ്തു.