അഭിഷേക് ശർമക്ക് സെഞ്ച്വറി,റെക്കോർഡ്; വാംഖഡയിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ, 247-9

Abhishek Sharma

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. അഭിഷേക് ശർമയുടെ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ 247 റൺസാണ് പടുത്തുയർത്തിയത്. 54 പന്തിൽ 13 സിക്‌സറും ഏഴ് ഫോറും സഹിതം 135 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ടി20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 126 റൺസ് നേടിയ ശുഭ്മാൻ ഗില്ലിനെയാണ് മറികടന്നത്. ഒരിന്നിങ്‌സിൽ കൂടുതൽ സിക്‌സർ(13) എന്ന നേട്ടവും യുവ ഓപ്പണർ സ്വന്തം പേരിലാക്കി.Abhishek Sharma

വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ആർച്ചർ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ സിക്‌സർ പറത്തി സഞ്ജു സാംസൺ ഇന്ത്യക്ക് മിന്നും തുടക്കം നൽകി. ആദ്യ ഓവറിൽ രണ്ട് സിക്‌സറടക്കം 16 റൺസാണ് നേടിയത്. എന്നാൽ സ്‌കോർ 21ൽ നിൽക്കെ സഞ്ജു സാംസണെ ഇന്ത്യക്ക് നഷ്ടമായി. 16 റൺസെടുത്ത മലയാളി താരം മാർക്ക് വുഡിന്റെ ഓവറിൽ ജോഫ്രാ ആർച്ചറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ സമാനമായി വലിയ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു ഔട്ടായത്. എന്നാൽ ഒന്നാം വിക്കറ്റിൽ ഒത്തുചേർന്ന തിലക്-അഭിഷേക് സഖ്യം സ്‌കോറിംഗ് ഉയർത്തികൊണ്ടേയിരുന്നു.

പവർ പ്ലേയിൽ മാത്രം 95 റൺസാണ് ഇന്ത്യ സ്‌കോർബോർഡിൽ ചേർത്തത്. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന് പവർ പ്ലേ സ്‌കോറാണിത്. 2021ൽ സ്‌കോട്ലൻഡിനെതിരെ ദുബായിൽ നേടിയ രണ്ടിന് 82 എന്ന സ്‌കോറാണ് പഴങ്കഥയായത്. അതിവേഗത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് സെഞ്ച്വറിയിലും റെക്കോർഡിട്ടു. ഇന്ത്യൻ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ് താരം നേടിയത്. 35 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ രോഹിത് ശർമയെയാണ് മറികടന്നത്.

പവർപ്ലെയിൽ കത്തികയറിയ ഇന്ത്യ മിഡിൽ ഓവറിലും അതേ പ്രകടനം ആവർത്തിച്ചതോടെ സ്‌കോർ 200 കടന്നു. തിലക് വർമ(24), ശിവം ദുബെ(30) എന്നിവർ അഭിഷേകിന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(2) ഒരിക്കൽകൂടി നിരാശപ്പെടുത്തി. ഹാർദിക് പാണ്ഡ്യ(9), റിങ്കു സിങ്(9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും അഭിഷേക് തകർത്തടിച്ചുകൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ അക്‌സർ പട്ടേലും(11 പന്തിൽ 15) തകർത്തടിച്ചതോടെ സ്‌കോർ 247ലേക്കെത്തിക്കാനായി.

Leave a Reply

Your email address will not be published. Required fields are marked *