മണിപ്പൂരിൽ മെയ്തേയി വിഭാഗം താമസിക്കുന്ന ഗ്രാമത്തിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിൽ മെയ്തേയി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്നുപൂരിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച മുതൽ സമീപത്തെ മലകളിൽ നിന്നും വലിയ രീതിയിലുള്ള വെടിവെപ്പുണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മെയ് മൂന്ന് മുതൽ കുക്കികൾക്ക് സ്വാധീനമുള്ള മലനിരകളിൽ നിന്നും തങ്ങൾക്ക് നേരെ വെടിവെപ്പുണ്ടാകുന്നുണ്ടെന്നാണ് മെയ്തേയ് വിഭാഗത്തിന്റെ പരാതി. തങ്ങളുടെ സുരക്ഷക്കായി കേന്ദ്രസേനയുടെ സഹായം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
ഗ്രാമത്തിന് കാവൽ നിന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. നിരവധി തവണ പ്രദേശത്ത് വെടിവെപ്പുണ്ടായെന്നാണ് ഗ്രാമീണവാസികൾ പറയുന്നത്. പ്രദേശത്ത് ഏകദേശം 50000 പേരാണ് താമസിച്ചിരുന്നത്. കലാപം തുടങ്ങിയതിന് പിന്നാലെ ഭൂരിപക്ഷം ജനങ്ങളും ഗ്രാമം വിട്ടു പോയിരുന്നു. സുരക്ഷക്കായുള്ള ചില വളണ്ടിയർമാർ മാത്രമാണ് ഇപ്പോൾ ഗ്രാമങ്ങളിലുള്ളത്.