ഛത്തീസ്​ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ഒരു ജവാന് വീരമൃത്യു

Chhattisgarh

റായ്പ്പൂർ: ഛത്തീസ്​​ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു പൊലീസ് ജവാൻ വീരമൃത്യു വരിച്ചു. ബിജാപൂർ, കാങ്കർ ജില്ലകളിലായാണ് ഏറ്റുമുട്ടൽ നടന്നത്. ബിജാപൂർ- ദന്ദേവാഡ ജില്ലകളുടെ അതിർത്തിയിൽ ​രാവിലെ ഏഴിനായിരുന്നു ഏറ്റുമുട്ടൽ. ഗം​ഗലൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷാ ഉദ്യോ​​ഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ നക്സലൈറ്റ് വിരുദ്ധ ഓപറേഷനിനിടെയാണ് മാവോയിസ്റ്റുകളെ വധിച്ചത്. Chhattisgarh

മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ബിജാപൂരിൽ കൊല്ലപ്പെട്ട 18 മാവോയിസ്റ്റുകളുടേയും മൃതദേഹം കണ്ടെത്തി. തോക്കുകളും സ്ഫോടകവസ്തുക്കളും ഇവരിൽനിന്ന് കണ്ടെത്തുകയും ചെയ്തു. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിനും ജില്ലാ റിസർവ് ഗാർഡിനും നേരെ മാവോയിസ്റ്റുകൾ നടത്തിയ വെടിവയ്പ്പിലാണ് ഒരു ജവാൻ കൊല്ലപ്പെട്ടത്.

കാങ്കറിലെ കൊറോസ്കോഡോ ​ഗ്രാമത്തിൽ നടന്ന വെടിവയ്പ്പിലാ‌ണ് മറ്റ് നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. പ്രത്യേക സേനയുടെ ഓപറേഷൻ ഇരു സ്ഥലത്തും തുടരുകയാണ്. കഴിഞ്ഞമാസം ബിജാപൂർ ജില്ലയിൽ മാത്രം 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇന്ദ്രാവതി നാഷണൽ പാർക്ക് ഏരിയയിൽ ഉൾവനത്തിൽ സുരക്ഷാ സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപറേഷനിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്.

ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയിൽ സുരക്ഷാ സേന വധിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ 217 പേരും ബസ്തർ, ദന്തേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്മ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ നിന്നുള്ളവരായിരുന്നു. ഓപറേഷനിടെ 800ലധികം മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *