സംസ്ഥാനത്ത് വീണ്ടും സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് അനുമതി; മലപ്പുറത്തും കോട്ടയത്തും കോളജുകൾക്ക് അഫിലിയേഷൻ
തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് രണ്ട് പുതിയ സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് സാങ്കേതിക സർവകലാശാല അംഗീകാരം. മലപ്പുറത്ത് ആരംഭിക്കുന്ന കെ.എം.സി.ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, കോട്ടയത്ത് ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളജുകൾക്കാണ് സർവകലാശാല സിൻഡിക്കേറ്റ് അഫിലിയേഷൻ നൽകിയത്. കെ.എം.സി.ടി കോളജിൽ നാല് ബി.ടെക് കോഴ്സും എം.ബി.എ, എം.സി.എ കോഴ്സും അനുവദിച്ചു. 360 വിദ്യാർഥികൾക്കായിരിക്കും പ്രവേശനം. ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഞ്ച് ബി.ടെക് കോഴ്സുകൾക്ക് 360 സീറ്റ് അനുവദിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കുമായി മൂന്നരക്കോടി രൂപ ചെലവിൽ ഓൺലൈൻ ജേണലുകളും പ്രബന്ധരചനകളിലെ കോപ്പിയടി തടയാൻ േപ്ലജിയറിസം സോഫ്റ്റ്വെയറും വാങ്ങാൻ യോഗം തീരുമാനിച്ചു. എൽസെവിയർ, നിംബസ്, ടേണിറ്റിൻ എന്നീ സോഫ്റ്റ്െവയറുകളാണ് വാങ്ങുന്നത്. ഗവേഷണ പ്രവർത്തനങ്ങൾക്കും ബിഗ് േഡറ്റാ വിശകലനത്തിനുമായി ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനം ഏർപ്പെടുത്തും.
സർവകലാശാലയിൽനിന്ന് ഗവേഷണം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇനി ബിരുദദാനചടങ്ങ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചു. ബി.ടെക് വിദ്യാർഥികളുടെ ആവശ്യപ്രകാരം ഗ്രേഡ് കാർഡുകൾ ശതമാനത്തിലേക്ക് മാറ്റി മാർക്ക് ലിസ്റ്റ് നൽകും.
കോഴ്സ് പൂർത്തിയാക്കിയവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂട്ട കോപ്പിയടി വിഷയത്തിൽ പാലക്കാട് അൽ അമീൻ കോളജിലെ പരീക്ഷകേന്ദ്രം ഒരുവർഷത്തേക്ക് റദ്ദാക്കി. പരീക്ഷനടത്തിപ്പിൽ ഗുരുതര വീഴ്ച വരുത്തിയ ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ് കോളജിന് പിഴ ചുമത്താനും അന്വേഷണം നടത്താനും തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ജി. സഞ്ജീവ്, ഡോ. വിനോദ് കുമാർ ജേക്കബ്, പരീക്ഷവിഭാഗം ജോയന്റ് ഡയറക്ടർ എന്നിവരെ അന്വേഷണസമിതിയായി നിശ്ചയിച്ചു.