യുപിയിലെ ബുൾഡോസർ രാജ് നടപടിയിൽ സർക്കാരിന് തിരിച്ചടി; വീട് നഷ്ടമായവർക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിൽ നടപടിയുമായി സുപ്രിംകോടതി. വീട് നഷ്ടമായവർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണം. പൊളിക്കൽ നടപടി ഞെട്ടിക്കുന്നതാണെന്നും അവിടെനിന്നുള്ള ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും സുപ്രിം കോടതി.Government
ഇത്തരം പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലനിൽക്കുന്ന നിയമ നടപടികളും ചട്ടങ്ങളും പാലിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് മുൻപും സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല. വീട് നഷ്ടമായ അഞ്ച് കക്ഷികളുടെ കേസുകളാണ് സുപ്രിംകോടതി പരിഗണിച്ചത്. അതുപ്രകാരം 24 മണിക്കൂർ പോലും സാവകാശം നൽകാതെയാണ് വീടുകൾ പൊളിച്ച് നീക്കിയിരിക്കുന്നത്. കേസുകൾ പരിഗണിച്ചപ്പോൾ തന്നെ കക്ഷികൾക്ക് പുനഃനിർമാണത്തിനുള്ള അനുമതി നൽകുകയായിരുന്നു.
എന്നാൽ, വീട് നഷ്ടമായവർക്ക് അത് വീണ്ടും നിർമ്മിക്കാനുള്ള സാമ്പത്തിക ഭദ്രതയില്ലെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ്, കക്ഷികൾ ഓരോരുത്തർക്കും 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി വിധിച്ചത്.