‘ജിഹാദി കുടിയേറ്റം പ്രോത്സാഹിപ്പിച്ച് യൂറോപ്പിനെ നശിപ്പിച്ചു’; പാപ്പയുടെ മരണത്തിൽ ലോകം കരയുമ്പോൾ വിഷം തുപ്പി ഒരു വിഭാഗം
കോഴിക്കോട്: കത്തോലിക്ക സഭയുടെ ചരിത്രത്തിൽ നിരവധി ധീരമായ നിലപാടുകൾ കൈക്കൊണ്ട മഹാ ഇടയൻ വിടപറഞ്ഞിരിക്കുന്നു. കുടിയേറ്റക്കാരുടെ ശബ്ദമായ, ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടി സംസാരിച്ച, അഗതികൾക്കും അടിച്ചമര്‍ത്തവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും ആലംബമായിരുന്ന ഫ്രാൻസിസ് മാര്‍പാപ്പയുടെ വിയോഗത്തിൽ തേങ്ങുകയാണ് ലോകം. അദ്ദേഹത്തിന്‍റെ നൻമകളെ ലോകം മുഴുവൻ പാടിപ്പുകഴ്ത്തുമ്പോൾ മാര്‍പാപ്പയുടെ നിലപാടുകളെ ചോദ്യം ചെയ്ത് വിഷം തുപ്പി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയയിൽ ഒരു വിഭാഗം. തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയുടെ ഫേസ്ബുക്ക് പേജിലാണ് വിദ്വേഷ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.Jihadi
മാര്‍പാപ്പയുടെ മരണം സോഷ്യൽമീഡിയയിലൂടെ ആഘോഷിക്കുകയാണ് ഇക്കൂട്ടര്‍. പോപ്പ് ഫ്രാൻസിസ് ഇസ്രായേലിന്‍റെ കൊടുംക്രൂരതയെ എതിര്‍ത്തതും ഫലസ്തീനികൾക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതുമാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്. രോഗാവസ്ഥയിലും ഗസ്സക്ക് വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. അവസാന ഈസ്റ്റര്‍ ദിന സന്ദേശത്തിലും ഗസ്സയിലെ വെടിനിര്‍ത്തലിനാണ് ആഹ്വാനം ചെയ്തത്. ഗസ്സയിൽ ഉടനെ വെടിനിർത്തണമെന്നും, ബന്ദികളെ മോചിപ്പിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും താൻ ഒരിക്കൽ കൂടി അഭ്യർഥിക്കുന്നുവെന്നുമായിരുന്നു ആ സന്ദേശത്തിന്‍റെ ഉള്ളടക്കം.
”കോപ്പ്. ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയൻ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികൾ കൊന്നൊടുക്കിയത് അയാൾക്ക് ബാധകമല്ല. ഹമാസിന് വല്ലോം പറ്റിയാൽ അയാൾക്ക് നോവുവൊള്ളൂ, പോപ്പ് ഫ്രാൻസിസ് യൂറോപ്പ് പൂർണ്ണമായി ഇസ്ലാമിക രാജ്യം ആക്കുന്നത് കാണാൻ പറ്റാതെ യാത്ര ആയി.. യൂറോപ്പിലേക്ക് ജിഹാദി കുടിയേറ്റം പ്രോത്സാഹനം ചെയ്ത് യൂറോപ്പിനെ നശിപ്പിച്ചു…കസേര ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് ചെഗുവേര ഭക്തൻ ആയ സഖാവ് പോപ്പ് പറഞ്ഞിരുന്നു, മാർ കാക്ക പണ്ടേ മരിച്ചത് ആണു ഈസ്റ്റർ വരെ അഭിനയിച്ചത് പക്കാ ഡ്യുപ് സഭക്ക് ഈസ്റ്റർ ദിനത്തിൽ ഒരു വിശുദ്ധൻ വേണം.. നാടകമേ ഉലകം, ക്രിസ്ത്യാനികൾ ഒഴികെ എല്ലാവർക്കും വേണ്ടി രാപകൽ അധ്വാനിച്ച മഹാഅനുഭവൻ. പിതാവേ പോകൂ നീതിമാനായ ദൈവം അങ്ങയോടെ സ്വസമുദായത്തോട് ചെയ്ത തെറ്റുകൾ ക്ഷമിച്ചു സ്വർഗം നൽകട്ടെ” എന്നിങ്ങനെ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള കമന്‍റുകളാണ് കാസയുടെ പേജിലുള്ളത്.
ശക്തമായ നിലപാടുകളായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പയെ വ്യത്യസ്തനാക്കിയിരുന്നത്. എൽജിബിടി സമൂഹത്തെ അംഗീകരിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത മാർപാപ്പയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവർ വഴിപിഴച്ചവരെന്ന് വിധിക്കാൻ താനാരാണെന്നായിരുന്നു പോപ്പിന്‍റെ ചോദ്യം.
കഴിഞ്ഞ ക്രിസ്മസിന് വത്തിക്കാനിൽ ഉണ്ണിയേശു ഫലസ്തീൻ പ്രതീകമായി കഫിയ്യയിൽ കിടക്കുന്ന തിരുപ്പിറവി പ്രദർശനം ഒരുക്കിയിരുന്നു. ഇതിന്‍റെ ഉദ്ഘാടകനായി എത്തിയത് മാർപാപ്പ ആയിരുന്നു. മാർപാപ്പ ജൂതവിരുദ്ധരുടെ കെണിയിൽ പെടുന്നു എന്നായിരുന്നു ഇസ്രായേലിന്‍റെ പ്രതികരണം. യുദ്ധവും ആഗോള ചൂഷണവും മൂലം കുടിയേറ്റജീവിതം നയിക്കേണ്ടി വരുന്നവർക്കായി മാർപാപ്പ നിരന്തരം സ്വരമുയർത്തി.
ഏറ്റവും ഒടുവിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ പോലും മാർപാപ്പ തുറന്നടിച്ചു. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്‍റെ നയം മോശമായി അവസാനിക്കുമെന്നു മാർപാപ്പ മുന്നറിയിപ്പ് നൽകി. ‘മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം’ എന്നായിരുന്നു മെക്സിക്കോ അതിർത്തിയിൽ മതിലുപണിയാനുള്ള നയത്തിനെതിരെ മാർപാപ്പയുടെ നിലപാട്.