പഹൽഗാം ഭീകരാക്രമണം: നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിലിടമില്ല, വേണ്ടത് ശക്തമായ നടപടി’: എം.കെ സ്റ്റാലിൻ
ചെന്നൈ: ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാടും ഇവിടുത്തെ ജനങ്ങളും സര്‍ക്കറിന്റെ നടപടികള്‍ക്കൊപ്പം നിൽക്കുമെന്നും സ്റ്റാലിന് വ്യക്തമാക്കി.kill
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് സ്റ്റാലിന് ഇക്കാര്യം പറഞ്ഞത്. നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
”കശ്മീരിലെ ഭീകരാക്രമണം നമ്മുടെ മനസ്സാക്ഷിയെ പിടിച്ചുലച്ചിരിക്കുകയാണ്. 2017ൽ അമർനാഥിലേക്കുള്ള യാത്രാമധ്യേ എട്ട് തീർത്ഥാടകർ കൊല്ലപ്പെട്ടു, 2019ൽ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ പഹൽഗാമിലും സംഭവിച്ചിരിക്കുന്നത്”- സ്റ്റാലിന് പറഞ്ഞു.
” ഇന്ത്യൻ ജനാധിപത്യത്തിൽ ഭീകരാക്രമണങ്ങൾക്കോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കോ സ്ഥാനമില്ല. ഭീകരാക്രമണങ്ങളെ അപലപിക്കുന്നതോടെ നമ്മുടെ കടമ അവസാനിക്കരുത്. ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം”- സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ വാലി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശിച്ചു. ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. സേനയും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻഐഎ സംഘവും പഹൽഗാമിലെത്തി. പ്രദേശത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജമ്മുകശ്മീർ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.