നൂഹിൽ ബുൾഡോസർ തകർത്തത് 354 പേരുടെ കെട്ടിടങ്ങൾ; 283 മുസ്‍ലിംകളും 71 ഹിന്ദുക്കളുമെന്ന് ഡെപ്യൂട്ടി കമീഷണർ
ഗുരുഗ്രാം: നടപടിക്രമങ്ങൾ പാലിക്കാതെ നൂഹിൽ ഇടിച്ചുനിരത്തൽ നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ ധീരേന്ദ്ര ഖഡ്ഗത. അനധികൃത നിർമാണങ്ങൾ നീക്കംചെയ്യുമ്പോൾ സർക്കാർ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത നയം സ്വീകരിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് പ്രസ്താവന.
നൂഹിൽ അനധികൃതമെന്ന് ആരോപിച്ച് മുസ്‍ലിംകളും വീടുകളും കടകളും തകർക്കുന്നത് ഈ മാസം ആദ്യം ഹൈകോടതി ഇടപെട്ട് തടഞ്ഞിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്താണ് തടഞ്ഞത്. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ കെട്ടിടങ്ങൾ മാത്രം പൊളിക്കുന്നത് എന്താണെന്നും സർക്കാറിന്റെ നേതൃത്വത്തിൽ വംശീയ ഉന്മൂലനമല്ലേ നടക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു.
സംസ്ഥാന സർക്കാർ കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുമ്പോൾ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ശേഖരിച്ചിട്ടില്ല. എല്ലാ കൈയേറ്റക്കാരോടും ഒരേ നടപടിയാണ് സ്വീകരിച്ചതെന്നും ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. അനധികൃത നിർമാണങ്ങൾക്കെതിരെ സ്വതന്ത്ര തദ്ദേശ സ്ഥാപനങ്ങളുടെ പതിവ് നടപടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
ആകെ 443 കെട്ടിടങ്ങൾ പെളിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട 354 പേരിൽ 71 ഹിന്ദുക്കളും 283 മുസ്‍ലിംകളും ഉൾപ്പെടുന്നു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ചുള്ള പൊളിക്കൽ നടപടി എന്ന കോടതിയുടെ ആശങ്കക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഡെപ്യൂട്ടി കമീഷണർ വിവരങ്ങൾ പങ്കുവെച്ചത്.
അതിനിടെ, നൂഹിൽ ആറുപേർ കൊല്ലപ്പെട്ട വർഗീയ സംഘർഷത്തിന് തുടക്കമിട്ട തീവ്ര ഹിന്ദുത്വവാദി ബിട്ടു ബജ്‌റംഗി എന്ന രാജ് കുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘ് പരിവാർ വേദികളിൽ സ്ഥിരസാന്നിധ്യമായ ഇയാൾ പശുവിന്റെ പേരിൽ ആളുകളെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഗോരക്ഷ ബജ്‌റംഗ് ഫോഴ്‌സ് എന്ന പശുഗുണ്ടാസംഘത്തിന്റെ പ്രസിഡന്റാണ്. ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രയ്ക്ക് മുമ്പ് ബിട്ടു പുറത്തുവിട്ട വർഗീയ വിഡിയോയാണ് നൂഹ് കലാപത്തിന് വഴിമരുന്നിട്ടത്. വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
പ്രകോപനപരമായ വീഡിയോയിലൂടെ നൂഹിലെ വർഗീയ കലാപം ആളിക്കത്തിച്ചതിന് കലാപം, ഭീഷണിപ്പെടുത്തൽ, സായുധ കവർച്ച, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് ബജ്‌റംഗി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിലേക്ക് നയിച്ച വിശ്വ ഹിന്ദു പരിഷത്-ബജ്റംഗ്ദൾ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയിൽ ബിട്ടുവും പങ്കാളിയായിരുന്നു.