മുസ്ലിം വിദ്യാർഥിയെ അടിക്കാൻ സഹപാഠികളോട് നിർദേശിച്ച് അധ്യാപിക; യു.പിയിലെ സ്കൂളിൽ കിരാതത്വം -വിഡിയോ വൈറൽ
ക്ലാസ്റൂമിൽവച്ച് മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന അധ്യാപികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യു.പിയിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് കിരാത നടപടി അരങ്ങേറിയത്. സംഭവത്തിൽ മുസാഫർനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്ലാസ് മുറിയിൽ വിദ്യാർഥിയെ എഴുന്നേറ്റ് നിർത്തിയിരിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തുടർന്ന് കുട്ടികൾ ഓരോരുത്തരായി വന്ന് നിൽക്കുന്ന വിദ്യാർഥിയെ അടിക്കുകയാണ്. ‘കൂടുതൽ ശക്തമായി അടിക്കാൻ’ അധ്യാപിക പറയുന്നതും വിഡിയോയിൽ കേൾക്കാം. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് വിഡിയോയിൽ ഉള്ളതെന്ന് ‘ഔട്ട്ലുക്ക്’ റിപ്പോർട്ട് ചെയ്തു.
താനക്ഷേത്രയിലെ ഖുബ്ബപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂളിൽ “ക്ലാസിൽ വിദ്യാർത്ഥിയെ മർദ്ദിക്കാനും മതപരമായ പരാമർശങ്ങൾ നടത്താനും അധ്യാപകൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന” കേസിന്റെ അന്വേഷണത്തിന് മുസാഫർനഗർ പോലീസ് മൻസൂർപൂർ സ്റ്റേഷൻ ഇൻചാർജിനോട് നിർദ്ദേശിച്ചു. ഡോ രവിശങ്കർ പറഞ്ഞു.
ഖുബ്ബപുർ ഗ്രാമത്തിലെ തനക്ക്ഷേത്രയിലെ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ആൾട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കകറുമായ മുഹമ്മദ് സുബൈറും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് സുബൈർ വിദ്യാർഥിയുടെ പിതാവുമായി സംസാരിച്ചായും വെളിപ്പെടുത്തി. ‘ഞങ്ങൾ കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റുമെന്നും പൊലീസിൽ പരാതി നൽകില്ലെന്നും’ പിതാവ് പറഞ്ഞതായി സുബൈർ പറയുന്നു. എന്തുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാത്തതെന്ന് ചോദിച്ചപ്പോൾ ‘പരാതി നൽകിയിട്ട് കാര്യമില്ലെന്നും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു’ മറുപടി എന്നും സുബൈർ പറഞ്ഞു.
വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ വിഡിയോ ഷെയർ ചെയ്യരുതെന്ന് കമ്മീഷൻ നിർദേശിച്ചു. ‘കൂടുതൽ നടപടികൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും, കുട്ടിയുടെ വിഡിയോ ഷെയർ ചെയ്യരുതെന്നും കമ്മീഷൻ നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ഇമെയിൽ വഴി അറിയിക്കണമെന്നും കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തി കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു.