എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ, കള്ളനെന്ന് വിളിക്കരുതെന്ന് വിജയ് മല്യ; പോഡ്കാസ്റ്റിന് 20 മില്യൺ കാഴ്ചക്കാർ
ലണ്ടന്‍: എന്നെ പിടികിട്ടാപ്പുള്ളിയെന്നു വിളിച്ചോളൂ, കള്ളനെന്നു വിളിക്കരുതെന്ന് രാജ്യംവിട്ട വ്യവസായി വിജയ് മല്യ. യൂട്യൂബര്‍ രാജ് ശമാനിക്കൊപ്പമുള്ള നാല് മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.Call
കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോഡ്‌കാസ്റ്റ്, 20 ദശലക്ഷം കാഴ്ചക്കാരെ ഇതിനകം തന്നെ നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും പോഡ്കാസ്റ്റിലെ വാചകകള്‍ കുറിപ്പുകളായും കാര്‍ഡുകളുമായൊക്കെ പ്രചരിക്കുന്നുണ്ട്. ഏകദേശം നാലു മണിക്കൂറുള്ള സംഭാഷണമാണ് രാജ് ശമാനിയുമായി നടത്തിയത്. ഇതില്‍ ഇന്റര്‍നെറ്റില്‍ ഏറെ ചര്‍ച്ചയായതാണ്, കള്ളന്‍ വിളികളെക്കുറിച്ചുള്ള മല്യയുടെ പ്രതികരണം.
” ഞാൻ എങ്ങോട്ടും ഓടിപ്പോയിട്ടില്ല, മുൻകൂട്ടി നിശ്ചയിച്ചാണ് വിദേശത്തേക്ക് മാറി നിന്നത്. തിരിച്ചെത്താൻ കഴിയാത്ത സാഹചര്യങ്ങളായിരുന്നു. ന്യായമായതെന്ന് ഞാൻ കരുതുന്ന കാരണങ്ങൾ കൊണ്ടാണ് തിരിച്ചെത്താൻ കഴിയാതിരുന്നത്. അതിനാല്‍ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെ വിളിച്ചോളൂ. പക്ഷേ എവിടെ നിന്നാണ് കള്ളന്‍ എന്നത് കടന്നുവരുന്നത് ?’- മല്യ ചോദിച്ചു.
9000 കോടി രൂപ വായ്പയെടുത്തെന്ന ആരോപണങ്ങള്‍ തള്ളിയ മല്യ ആറായിരം കോടി രൂപയാണ് ട്രിബ്യൂണലിന്റെ റിക്കവറി സര്‍ട്ടിഫിക്കറ്റിലുള്ളതെന്നും പറഞ്ഞു. 14,000 കോടി രൂപ ബാങ്കുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാനാണ് ആക്രമിക്കപ്പെടുന്നത്. ബാങ്കുകള്‍ ഒരു സ്റ്റേറ്റ്‌മെന്റും എനിക്ക് സമര്‍പ്പിച്ചിട്ടില്ല. ഞാന്‍ ആശയക്കുഴപ്പത്തിലാണെന്നും മല്യ പറഞ്ഞു.