ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താന് വിവരങ്ങൾ ചോര്‍ത്തി: നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ വിശാൽ യാദവ് അറസ്റ്റിൽ
ചണ്ഡീഗഡ്: ഓപറേഷന് സിന്ദൂറിനിടെ ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍. ഹരിയാന സ്വദേശി വിശാല്‍ യാദവാണ് അറസ്റ്റിലായത്.
പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട്.
രാജസ്ഥാന് പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. വര്‍ഷങ്ങളായി നാവികസേനാ ആസ്ഥാനത്ത് ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് വിശാല്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.
നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ മാത്രമല്ല, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സി അംഗമായ യുവതിയുമായി വിശാല്‍ സാമൂഹികമാധ്യമത്തിലൂടെ നിരന്തരം ബന്ധപ്പെടുന്നതായി കണ്ടെത്തി. തന്ത്രപ്രധാനമായ പല വിവരങ്ങളും വിശാല്‍ നല്‍കിയിട്ടുണ്ട്.
ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.