‘ഒരു ചുവരിൽ നാല് ലിറ്റർ പെയിന്റടിക്കാൻ 233 ജോലിക്കാർ, ചെലവ് 1.07 ലക്ഷം രൂപ’ ; മധ്യപ്രദേശിൽ സ്‌കൂൾ നവീകരണത്തിന് ഞെട്ടിക്കുന്ന ബിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിൽ സ്‌കൂൾ നവീകരണത്തിന് ചെലവായ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. സാധനങ്ങൾ വാങ്ങാൻ ചെലവായ തുകയും ജോലിക്കാരുടെ എണ്ണവും പറയുന്ന ബില്ല് കണ്ടാൽ ആരുടെയും കണ്ണ് തള്ളും. സാഗന്ദി ഗ്രാമത്തിലെ സ്‌കൂളിന്റെ ചുവരിൽ നാല് ലിറ്റർ പെയിന്റടിക്കാൻ 168 ജോലിക്കാരും 65 കൽപ്പണിക്കാരും വേണ്ടിവന്നുവെന്നാണ് ബില്ലിൽ പറയുന്നത്.paint
നാല് ലിറ്റർ പെയിന്റടിക്കാൻ 1.07 ലക്ഷം രൂപയാണ് പിൻവലിച്ചത്. നിപാനിയ ഗ്രാമത്തിലെ മറ്റൊരു സ്‌കൂളിൽ 20 ലിറ്റർ പെയിന്റടിക്കാൻ 2.3 ലക്ഷം രൂപയാണ് പിൻവലിച്ചത്. നിപാനിയ ഗ്രാമത്തിലെ സ്‌കൂളിൽ 10 ജനലുകളും നാല് വാതിലുകളും പെയിന്റടിക്കാൻ 275 ജോലിക്കാരും 150 കൽപ്പണിക്കാരും പണിയെടുത്തുവെന്നും ബില്ലിൽ പറയുന്നു.
സ്‌കൂൾ ചുവര് മനോഹരമാക്കുന്നതിനെക്കാൾ വലിയ കലാവിരുത് നടന്നിരിക്കുന്നത് ബില്ല് തയ്യാറാക്കുന്നതിലാണ് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. നിർമാണത്തിന്റെ കരാർ എറ്റെടുത്ത സുധാകർ കൺസ്ട്രക്ഷൻ മേയ് അഞ്ചിന് തയ്യാറാക്കിയ വിചിത്രമായ ബിൽ ഒരു മാസം മുമ്പ് ഏപ്രിൽ നാലിന് നിപാനിയ സ്‌കൂൾ പ്രിൻസിപ്പൽ അംഗീകാരം നൽകുകയും ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
ജോലി നടക്കുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ബില്ലിന്റെ കൂടെ സമർപ്പിക്കണം എന്നാണ് ചട്ടം. എന്നാൽ ഒരു ഫോട്ടോ പോലുമില്ലാതെയാണ് പ്രിൻസിപ്പൽ ബില്ലിന് അംഗീകാരം നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഫൂൽ സിങ് മാർപാച്ചി പറഞ്ഞു.