ഒമാൻ വ്യക്തിഗത ആദായനികുതി നിയമം;റിട്ടേൺ ഫയൽ ചെയ്യാത്തവർക്കും രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കും ശിക്ഷ
മസ്കത്ത്: ഒമാനിലെ വ്യക്തിഗത ആദായനികുതി നിയമപ്രകാരം റിട്ടേൺ ഫയൽ ചെയ്യാത്തവർക്കും രേഖകളിൽ കൃത്രിമം കാണിക്കുന്നവർക്കും ജയിൽ ശിക്ഷ ഉൾപ്പെടെ 20,000 റിയാൽ വരെ പിഴ ചുമത്തും. ഉയർന്ന വരുമാനമുള്ളവരിൽനിന്ന് വ്യക്തിഗത ആദായ നികുതി ചുമത്തുന്ന നിയമം 2028 ജനുവരി മുതലാണ് രാജ്യത്ത് പ്രാബല്യത്തിലാവുക. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽനിന്ന് അഞ്ച് ശതമാനം നികുതിയായിരിക്കും ഏർപ്പെടുത്തുക.Oman
കൃത്യസമയത്ത് റിട്ടേണുകൾ സമർപ്പിക്കാതെ മനഃപൂർവ്വം വൈകിക്കൽ, നികുതി അധികാരികളുടെ അഭ്യർത്ഥനകൾ അവഗണിക്കൽ, അല്ലെങ്കിൽ നികുതി അടക്കാതിരിക്കൽ എന്നിവർക്ക് നിയമത്തിലെ ആർട്ടിക്കിൾ 65 പ്രകാരം, 1,000 മുതൽ 5,000 റിയാൽവരെ പിഴ ചുമത്തും. തെറ്റായ പ്രഖ്യാപനങ്ങൾ സമർപ്പിക്കൽ, നികുതി സംബന്ധമായ രേഖകകളിൽ കൃത്രിമം കാണിക്കൽ പോലുള്ള ഗുരുതരമായ ലംഘനങ്ങൾക്ക് ആർട്ടിക്കിൾ 66 പ്രകാരം ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 10,000 ത്തിനും -20,000 റിയാലിനും ഇടയിൽ പിഴയും ഉൾപ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുക, സാമൂഹിക ക്ഷേമ പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. അതേസമയം, നികുതിക്ക് വിധേയരാകുക ഒമാൻ ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പൗരന്മാരെയും സംരക്ഷിക്കുന്നതിനാണ് ഇളവ് പരിധി നിശ്ചയിച്ചത്. നികുതിയിൽ നിന്നുള്ള വരുമാനം ദേശീയ സാമൂഹിക സംരക്ഷണ സംവിധാനത്തെ പിന്തുണക്കുന്നതിനായിരിക്കും ഉപയോഗിക്കുക.