100 ദിവസമായിട്ടും ഭീകരരെ പിടിക്കാനാവാത്തത് എന്ത് കൊണ്ട്? ലോക്‌സഭയിലെ ഓപറേഷൻ സിന്ദൂർ ചർച്ചയിൽ ഗൗരവ് ഗൊഗോയ്‌

Why haven't terrorists been caught even after 100 days? Gaurav Gogoi in the discussion on Operation Sindoor in the Lok Sabha

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പാർലമെന്റിലെ ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ വിശദീകരണത്തിന് പിന്നാലെയായിരുന്നു ലോക്സഭയില്‍ കേന്ദ്രസർക്കാറിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

‘ഓരോ ആക്രമണങ്ങള്‍ക്ക് ശേഷവും നിങ്ങളുടെ രാജ്യത്തെ തിരിച്ചടിക്കുമെന്നാണ് രാജ്‌നാഥ് സിംഗ് പറയുന്നത്. പുൽവാമയില്‍ ഭീകരാക്രമണം സംഭവിച്ചപ്പോഴും ഇതുതന്നെയായിരുന്നു പറഞ്ഞത്. പുൽവാമ, ഉറി ആക്രമണങ്ങൾക്ക് ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങളുടെ അടിവേര് തകർത്തുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഭീകരർ എങ്ങനെയാണ് ബൈസാരനിൽ എത്തിയത്?’- ഗൗരവ് ഗൊഗോയ് ചോദിച്ചു.

”പഹൽഗാം ആക്രമണം നടന്നിട്ട് 100 ദിവസം തികയുന്നു, പക്ഷേ ഈ സർക്കാരിന് ആ അഞ്ച് ഭീകരരെയും പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്ന്, നിങ്ങൾക്ക് ഡ്രോണുകൾ, പെഗാസസ്, ഉപഗ്രഹങ്ങൾ, സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയുണ്ട്, പ്രതിരോധ മന്ത്രി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവിടെ പോയി, പക്ഷേ ഇപ്പോഴും നിങ്ങൾക്ക് അവരെ(ഭീകരരെ) പിടിക്കാൻ കഴിയുന്നില്ല’- ഗൊഗോയ് പറഞ്ഞു.

അതേസമയം ലക്ഷ്യം പൂർത്തിയായതിലാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയത്. പാകിസ്താൻ ഡിജിഎംഒ വെടിനിർത്തലിനായി അപേക്ഷിച്ചതിനാലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ – പാകിസ്താൻ വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദവും രാജ്നാഥ് സിങ് തള്ളി. വെടിനിർത്തലിന് പിന്നിൽ ബാഹ്യ സമ്മർദമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *