പാലക്കാട് വീടിനുള്ളിലെ പൊട്ടിത്തെറി; കേസെടുത്ത് പൊലീസ്
പാലക്കാട് പുതുനഗരത്ത് വീടിനുള്ളിൽ വച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് പൊലീസ് എക്സ്പ്ലോസീവ് സബ്സ്റ്റൻസ് വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊട്ടിത്തെറിയിൽ മാങ്ങോട് ലക്ഷംവീട് നഗറിലെ ഷെരിഫിനും സഹോദരി ഷഹാനക്കും പരുക്കേറ്റിരുന്നു. വീട്ടുടമസ്ഥൻ ഹക്കീമിൻ്റെ അയൽവാസിയായ റഷീദിൻ്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. മനുഷ്യജീവന് അപകടം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണ് എഫ്ഐആറിലെ പരാമർശം.
ഇന്നുച്ചയോടു കൂടിയാണ് സംഭവം നടക്കുന്നത്. പുതുനഗരം മാങ്ങോട്ടുകാവ് പരിസരത്തെ വീട്ടിൽ പൊട്ടിത്തെറി നടക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പുതുനഗരം സ്വദേശികളായ ഷെരീഫും സഹോദരിയും ഷെരീഫിന്റെ കൈക്ക് പരുക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആയിരുന്നു അപകടമുണ്ടായതെന്നാണ് വിവരം ലഭിച്ചിരുന്നത്. പക്ഷേ പിന്നീട് നടത്തിയ പരിശോധനയിൽ പൊട്ടിയത് സ്ഫോടക വസ്തുവാണെന്ന് തിരിച്ചറിഞ്ഞത്. ഈ വീട്ടിൽ ഉണ്ടായിരുന്നവർക്ക് എസ്ഡിപിഐ ബന്ധമെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.