കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 തീയതികളില്‍; വോട്ടെണ്ണല്‍ 13ന്

Local body elections in Kerala on December 9th and 11th; counting of votes on 13th

 

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍. ആദ്യഘട്ടം 2025 ഡിസംബര്‍ ഒമ്പതിനും രണ്ടാംഘട്ടം ഡിസംബര്‍ 11 നും നടക്കും.തിരുവനന്തപുരം, കൊല്ലം ആലപ്പുഴ പത്തനംതിട്ട , കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 ഡിസംബർ പോളിങ്ങ് നടക്കും.ഡിസംബര്‍ 13 ന് വോട്ടണ്ണല്‍ നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാന തിയതി- നവംബര്‍ 21 നാണ്.പത്രികകളുടെ സൂക്ഷ്മ പരിശോധന- നവം.22,സ്ഥാനാര്‍ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി- നവം.24.

മട്ടന്നൂർ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മാധ്യമ പ്രവർത്തകർക്കും പെരുമാറ്റ ചട്ടം ബാധകമാണ്.

ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർത്ഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല.

2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പ്രകാരമാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്.അന്തിമ വോട്ടർ പട്ടികയിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ ആകെ 2,84,30,761 വോട്ടർമാരുണ്ട്.പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. വോട്ടെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കായി 28,127 ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപ്പറേഷനുകൾക്ക് 2015 ഉം പോളിംഗ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്.

33,746 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും.വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് വോട്ടിംഗ് മെഷീൻ ഉദ്യോഗസ്ഥർക്ക്‌ നൽകും.ഒരു ബാലറ്റിൽ പരമാവധി 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉണ്ടാകും.പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി.1249 റിട്ടേണിംഗ് ഓഫീസർമാരുണ്ടാകും. പ്രശ്ന ബാധ്യത ബൂത്തുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. വോട്ട് എണ്ണുന്ന ദിവസവും വോട്ടെടുപ്പിൻ്റെ 48 മണിക്കൂറും മദ്യനിരോധനമുണ്ടാകും.സ്ഥാനാർഥികൾ ചെലവ് കണക്ക് നൽകണം.അല്ലാത്ത സ്ഥാനാർഥികളെ 5 വർഷത്തേക്ക് അയോഗ്യരാക്കും.രാവിലെ 7 മണിമുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.വോട്ടെടുപ്പ് ദിവസം സർക്കാർ ജീവനക്കാർക്ക് അവധിയാണ്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.നാനിർദേശ പത്രിക രാവിലെ 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ നൽകണം.

തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം കമ്മീഷൻ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അദ്ധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഉപാധ്യക്ഷസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിനായി വരണാധികാരികളെയും ഉപവരണാധികാരികളെയും കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ കലക്ടറാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്ന് വീതവും മുനിസിപ്പാലിറ്റി കോർപ്പറേഷനുകൾക്ക് വാർഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികവും വരണാധികാരികൾ ഉണ്ടാവും. ആകെ 1249 വരണാധികാരികളാണുളളത്. ഓരോ വരണാധികാരിക്കും ഒന്നിലധികം ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപാർട്ടികളും പ്രചാരണ നടപടികള്‍ തുടങ്ങുകയും സ്ഥാനാർഥി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി സംസ്ഥാന ഭരണത്തുടർച്ച ഉണ്ടാക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *