21 കിലോമീറ്റർ മാരത്തോണിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: മാരത്തോണിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പേരൂർക്കട മണ്ണാമൂല സ്വദേശി കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. കൊല്ലം എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജറായിരുന്നു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ശംഖുംമുഖത്തുനിന്നും ആരംഭിച്ച ഗ്രീൻ മാരത്തോൺ എക്സ്പോയിൽ പങ്കെടുത്ത ഇദ്ദേഹം 21 കി.മീ വിഭാഗത്തിലാണ് ഓടിയത്. ശംഖുമുഖത്തുനിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
ഉടൻ സി.പി.ആർ നൽകിയ ശേഷം നാട്ടുകാരും സംഘാടകരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാരത്തോണുകളിൽ ഇദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് പറയുന്നത്.
പിതാവ്: പരേതനായ അബ്ദുൽ റഷീദ്. മാതാവ്: ഷറഫുന്നീസ. ഭാര്യ: മാജിത (അധ്യാപിക). മക്കൾ: അമൻ, ആഷിമ. ഖബറടക്കം നടത്തി.
