ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ലക്ക് അവഗണന; ല​ഭി​ച്ച​ത് നാ​ലെ​ണ്ണം മാ​ത്രം

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​പ്പോ​ൾ ജി​ല്ല​ക്ക് ല​ഭി​ച്ച​ത് നാ​​ലെ​ണ്ണം മാ​ത്രം. കൂ​ടു​ത​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന മ​ഞ്ചേ​രി​യി​ൽ ഒ​രു ഡോ​ക്ട​ർ​മാ​രെ പോ​ലും നി​യ​മി​ച്ചി​ല്ല.

സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് 202 ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. ഇ​തി​ൽ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ ഡോ​ക്ട​റെ​യും നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഡോ​ക്ട​റെ​യും മാ​ത്ര​മാ​ണ് ജി​ല്ല​ക്ക് ല​ഭി​ച്ച​ത്. ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​ക്ക് ഒ​രു ത​സ്തി​ക ല​ഭി​ച്ച​തൊ​ഴി​ച്ചാ​ൽ മ​റ്റെ​വി​ടെ​യും ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​രെ ല​ഭി​ച്ചി​ല്ല.

കൊ​ല്ലം, ക​ണ്ണൂ​ർ, ഇ​ടു​ക്കി ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശ്ശൂ​ർ, കോ​ഴി​ക്കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ഒ​ന്ന് വീ​തം ഡോ​ക്ട​ർ​മാ​ർ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ല​ഭി​ച്ചു.

കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് മൂ​ന്നും തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​ക​ൾ​ക്ക് ര​ണ്ടും പാ​ല​ക്കാ​ട്, കൊ​ല്ലം, ജി​ല്ല ആ​ശു​പ​ത്രി​ക​ൾ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കും ഒ​ന്ന് വീ​തം ഡോ​ക്ട​ർ​മാ​രെ​യും അ​നു​വ​ദി​ച്ച​പ്പോ​ൾ ജി​ല്ല​ക്ക് ഒ​ന്ന് പോ​ലും ന​ൽ​കി​യി​ല്ല. നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ 10 എ​ണ്ണ​ത്തി​ൽ ജി​ല്ല​ക്ക് ല​ഭി​ച്ച​ത് ഒ​ന്നു​മാ​ത്രം. ര​ണ്ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലാ​യി ക​ണ്ണൂ​ർ ജി​ല്ല​ക്ക് ര​ണ്ട് ത​സ്തി​ക​ക​ളാ​ണ് ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ല​ഭി​ച്ച​ത്.

യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ത​സ്തി​ക. എ​ട്ട് അ​സി​സ്റ്റ​ന്റ് സ​ർ​ജ​ൻ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​പ്പോ​ൾ കൂ​ത്തു​പ​റ​മ്പ്, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ചി​റ്റൂ​ർ, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ഒ​തു​ങ്ങി.

ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ 12 ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രു​ടെ ത​സ്തി​ക​യി​ലും മ​ല​പ്പു​റ​ത്തെ പ​രി​ഗ​ണി​ച്ചി​ല്ല. ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ജൂ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രി​ൽ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​ക്ക് ഒ​രു ത​സ്തി​ക ല​ഭി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​തും ശി​ശു പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ 21 ത​സ്തി​ക​ക​ളും സൃ​ഷ്ടി​ച്ച​പ്പോ​ൾ ജി​ല്ല​ക്ക് ഒ​ന്നു​മി​ല്ല.

നേ​ര​ത്തെ മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന് കീ​ഴി​ലെ 12 ഡോ​ക്ട​ർ​മാ​രെ ജി​ല്ല​യി​ലെ ത​ന്നെ മ​റ്റ് ജി​ല്ല, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.