പക്ഷിപ്പനി: വീണ്ടും കൂട്ടക്കുരുതിയിലേക്ക്…
ആലപ്പുഴ: ഇടവേളക്കു ശേഷം ജില്ലയിൽ വീണ്ടും പക്ഷിപ്പനിബാധ സ്ഥിരീകരിച്ചതോടെ കർഷകരിലും പൊതുജനങ്ങളിലും ആശങ്ക പടരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇറച്ചി, മുട്ട വ്യാപാരം ലക്ഷ്യമിട്ട് കർഷകർ വൻതോതിൽ താറാവുകളെയും കോഴികളെയും വളർത്തിയിരുന്നു. ഇവയെല്ലാം രോഗബാധ ഭീഷണിയിലായി. രോഗം സ്ഥിരീകരിച്ചതിനാൽ ഇറച്ചി, മുട്ട വ്യാപാരത്തിനും തിരിച്ചടിയാകും.
കഴിഞ്ഞ മാർച്ച് മുതലാണ് ജില്ലയിൽ പക്ഷിവളർത്തലിന് അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂൺ വരെ പക്ഷിവളർത്തൽ നിരോധിക്കുകയായിരുന്നു. അതുകഴിഞ്ഞ് കർഷകർ വളർത്തി തുടങ്ങിയവക്കാണ് ഇപ്പോൾ വീണ്ടും രോഗബാധ ഉണ്ടായത്. അന്ന് ജില്ലയിൽ ഒരുലക്ഷത്തിലേറെ പക്ഷികളെ കൊന്നൊടുക്കിയിരുന്നു. രോഗബാധ ഉണ്ടായിക്കഴിഞ്ഞാൽ പക്ഷികളുടെ ഇറച്ചിയും മുട്ടയും ഉപയോഗം ഗണ്യമായി കുറയും. ഡിസംബർ തുടക്കത്തിലേ താറാവുകൾ ചത്തുതുടങ്ങിയിരുന്നു.
ഒരാഴ്ച മുമ്പാണ് രോഗബാധ വ്യാപകമായതും പക്ഷികൾ കൂട്ടത്തോടെ ചത്തു തുടങ്ങിയതും. ഇതിനകം 20,000 എണ്ണത്തിൽ കുറയാതെ ചത്തിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ഇറച്ചിക്കോഴികളിൽ ഇതുവരെ പ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ല. ദേശാടനപ്പക്ഷികളിൽനിന്നാണ് രോഗബാധയുണ്ടാകുന്നതെന്നാണ് നിഗമനം. ഇതേപ്പറ്റി കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
ജാഗ്രത പാലിക്കണം -കലക്ടർ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പക്ഷികളിൽ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ ഉടൻ അറിയിക്കണമെന്നും കലക്ടർ അലക്സ് വർഗീസ് അഭ്യർഥിച്ചു.
അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ചത്തപക്ഷികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിങ് പൗഡർ മുതലായ അണുനാശിനികൾ ഇട്ട് മൂടണം. പക്ഷികളെ വളർത്തുന്ന ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കണമെന്നും കലക്ടർ അറിയിച്ചു.
19,881 പക്ഷികളെ കൊന്നു നശിപ്പിക്കും
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ എല്ലാ പക്ഷികളെയും കൊന്നു നശിപ്പിക്കും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ 19,881 പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് പട്ടിക തയാറാക്കി.
ജില്ല കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗത്തിൽ കേന്ദ്ര സർക്കാറിന്റെ 2021 ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷൻ പ്ലാൻ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. പ്രഭവകേന്ദ്രങ്ങൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) ദ്രുതകർമ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
തകഴി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 305 വളർത്തുപക്ഷികളും, കാർത്തികപ്പള്ളി, കുമാരപുരം പഞ്ചായത്തുകളിലെ 353, കരുവാറ്റയിൽ 665, പുന്നപ്ര സൗത്തിൽ 5672, പുറക്കാട് 4000, അമ്പലപ്പുഴ സൗത്തിൽ 4000, ചെറുതനയിൽ 4500, നെടുമുടിയിൽ 386 വളർത്തുപക്ഷികളും ഉൾപ്പെടെ 19,881പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.
