'ആട് 3' ചിത്രീകരണത്തിനിടെ അപകടം; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു



കൊച്ചി: ‘ആട് 3’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. തോൾ എല്ലിനും കഴുത്തിലും മുറിവേറ്റ താരം കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

‘അപകടത്തിൽ കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു. രണ്ടുദിവസം മുമ്പാണ് അത് അറിഞ്ഞത്. കൃത്യമായി ചികിത്സ തേടിയില്ലായിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’ എന്ന് ആശുപത്രി വിട്ട വിനായകൻ മാധ്യമങ്ങളോട് പറഞ്ഞു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം നിർവഹിച്ച് 2015ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ആട്. ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.

ഒന്നാംഭാഗം മികച്ച വിജയമായതോടെ 2017ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്തു. ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വിജയ് ബാബു തൻറെ സമൂഹമാധ്യമത്തിലൂടെ ആട് 3 ഒരു ടൈം ട്രാവൽ ചിത്രമാണെന്ന് നേരത്തേ സൂചന നൽകിയിരുന്നു. 2026 മാർച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

ഷാജിപാപ്പനായി ജയസൂര്യയും അറക്കൽ അബുവായി സൈജു കുറുപ്പും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ വിനായകൻ, അജു വർഗീസ്, ഇന്ദ്രൻസ്, ധർമജൻ ബൊൾ ഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണിരാജൻ പി.ദേവ് എന്നിവരെല്ലാം ആടിലെ മറ്റ് കഥാപാത്രങ്ങളാണ്. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം -അഖിൽ ജോർജ്, എഡിറ്റിങ് -ലിജോ പോൾ, കലാസംവിധാനം -അനീസ് നാടോടി എന്നിവരാണ്.