പോറ്റിയും ഗോവർധനുമായി കോൺഗ്രസ് ബന്ധമെന്ത്‍?


മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർധനെയും സോണിയാഗാന്ധിയുടെ വസതിയിലേക്ക് കൊണ്ടുപോകാൻ മാത്രം എന്ത് ബന്ധമാണ് കോൺഗ്രസ് എം.പിമാരായ ആന്‍റോ ആന്‍റണിക്കും അടൂർ പ്രകാശിനുമുള്ളതെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത അപ്പോയിന്‍മെന്‍റ് ഇയാള്‍ക്ക് എങ്ങനെ ലഭിച്ചു. അതിന്റെ ചിത്രങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് ശബരിമലയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പോറ്റിയും ഗോവർധനും എങ്ങനെ പങ്കാളിയായെന്ന ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷം മറുപടി പറഞ്ഞിട്ടില്ല.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി പലതരം ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് തന്റെ പേരുമുണ്ട്. ശബരിമലയിലേക്കുള്ള ആബുലൻസിന്‍റെ ഉദ്ഘാടന വേളയിലാണ് പോറ്റിയുമായുള്ള തന്‍റെ ചിത്രം എടുത്തത്. അത് പൊതുചടങ്ങായിരുന്നു. ശബരിമല വിഷയത്തിൽ കക്ഷിരാഷ്ട്രീയം കാണാതെ നിലപാട് സ്വീകരിച്ചപ്പോൾ ഏതെല്ലാം തരത്തിൽ എൽ.ഡി.എഫിനെ മോശമായി ചിത്രികരിക്കാമെന്നാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്‍റ് പത്മകുമാറിനെതിരെ എന്തുകൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ലെന്നതിന് മറുപടി പറയേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.