തിരുത്താൻ വീണ്ടും വിവരശേഖരണം; എസ്.ഐ.ആർ പട്ടികയിൽ ‘യുക്തിക്കുരുക്ക്’



തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്‍കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി, എന്യൂമറേഷൻ കഴിഞ്ഞ് കരട് പ്രസിദ്ധീകരിച്ചെങ്കിലും പിഴവുകൾ തീർക്കാൻ വീണ്ടും വിവരശേഖരണം വരുന്നു. എന്യൂമറേഷൻ വിവരങ്ങളിൽ ‘യുക്തിപരമായ പൊരുത്തക്കേടുകൾ’ (ലോജിക്കൽ ഡിസ്ക്രെപ്പൻസീസ്) ചൂണ്ടിക്കാട്ടി ഫോമുകൾ വ്യാപകമായി ബി.എൽ.ഒമാർക്ക് തിരിച്ചയക്കുകയാണ്. 2002ലെയും 2025ലെയും വോട്ടർ പട്ടികയിലെ പേരിലെ വ്യത്യാസം മുതൽ രക്ഷിതാവിന്‍റെയും മക്കളുടെയും വയസ്സിലെ അന്തരം വരെ ചൂണ്ടിക്കാട്ടിയാണ് ഫോമുകൾ പുനഃപരിശോധനക്കാനായി നൽകുന്നത്. ഇതിനകം മാപ് ചെയ്തവരുടെ കാര്യത്തിലാണ് ഈ പുനഃപരിശോധന.

1200 വോട്ടർമാരുള്ള ബൂത്തിൽ കുറഞ്ഞത് 150 അപേക്ഷകൾ വരെ ഇങ്ങനെ സംശയമുന്നയിച്ച് മടക്കുന്നുണ്ട്. സംസ്ഥാനത്താകെ 25,468 ബൂത്തുകളുണ്ട്. ഈ കണക്ക് പ്രകാരം 38 ലക്ഷത്തോളം ഫോമുകൾ വെരിഫിക്കേഷൻ നടത്തണം. ഹിയറിങ്ങിനുള്ള നോട്ടിസ് വിതരണത്തിനൊപ്പം എന്യൂമറേഷനിലെ ഈ പൊരുത്തക്കേടുകൾ കൂടി മുന്നിൽ കണ്ടാണ് ബി.എൽ.ഒമാരുടെ എസ്.ഐ.ആർ ഡ്യൂട്ടി ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

2002ലെ വോട്ടർ പട്ടികയിൽ പേര് ചേർത്തതും ഉറപ്പുവരുത്തിയതും രേഖകളുടെ അടിസ്ഥാനത്തിലല്ല. ചിലയിടങ്ങളിൽ റേഷൻ കാർഡിലെ പേരുവിവരങ്ങളാണ് മാനദണ്ഡമാക്കിയത്. ആധാർ വന്നശേഷമാണ് രേഖകൾ അടിസ്ഥാനപ്പെടുത്തിയും ഇനീഷ്യൽ, പേരിലെ അക്ഷരങ്ങൾ എന്നിവയിൽ സുക്ഷ്മത ഉറപ്പു വരുത്തിയുമെല്ലാം വോട്ടർ പട്ടിക പരിഷ്കരിച്ചത്. ഇതോടെ 2025ലെ പട്ടിക താരതമ്യേന കുറ്റമറ്റതായിരുന്നു. ഇതും പഴയ അപൂർണമായ 2002ലെ പട്ടികയും എസ്.ഐ.ആറിന് മാനദണ്ഡമാക്കിയാണ് ഇപ്പോൾ ‘യുക്തിപരമായ പൊരുത്തക്കേടുകൾക്ക്’ കാരണം.

ഉദാഹരണത്തിന് 2025ലെ പട്ടികയിൽ ‘കെ.രാധാകൃഷ്ണൻ നായർ’ എന്ന് കൃത്യമായുള്ളയാൾ 2002ലെ പട്ടികയിൽ ചിലപ്പോൾ ‘രാധാകൃഷ്ണൻ’ എന്ന് മാത്രമേ ഉണ്ടാവൂ. ബി.എൽ.ഒയുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തി രണ്ടും ഒരാളെന്ന് സ്ഥിരീകരിച്ച് മാപ്പിങ് നടത്തിയിട്ടുണ്ടാകും. എന്നാൽ, ഡാറ്റ ബേസിൽ രണ്ട് തരം വിവരങ്ങൾ വന്നതോടെ ബി.എൽ.ഒമാരുടെ ഉറപ്പ് പോരെന്നും പുനഃപരിശോധന വേണമെന്നുമാണ് നിർദേശം. രണ്ടു പേരും ഒന്നാണെന്ന് സ്ഥിരീകരിക്കുന്ന രേഖ വോട്ടറിൽനിന്ന് വാങ്ങി ബി.എൽ.ഒ രേഖാമൂലം സാക്ഷ്യപ്പെടുത്തി ആപിൽ അപ്ലോഡ് ചെയ്യണം. ഫലത്തിൽ വോട്ടർമാർക്കും ബി.എൽ.ഒമാർക്കും കടുത്ത പണിയാണ് ഇനി വരാനുള്ളത്.