ഓസീസ് ഇതിഹാസത്തെയും പിന്നിലാക്കി കിങ് കോഹ്‌ലി; വീണ്ടും ലോക റെക്കോഡ്

വിരാട് കോഹ്‌ലി
ബംഗളൂരു: ക്രിക്കറ്റിൽ ഇപ്പോഴും തന്‍റെ പ്രതാപകാലം തന്നെയാണെന്ന് വ്യക്തമാക്കുന്ന ഇന്നിങ്സുകളുമായാണ് സമീപകാലത്ത് റൺ മെഷീൻ വിരാട് കോഹ്‌ലി കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിലെ താരമായതിനു പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും കുതിപ്പു തുടരുകയാണ് കിങ് കോഹ്‌ലി. ബംഗളൂരുവിൽ ഗുജറാത്തിനെതിരെ നടന്ന മത്സരത്തിൽ വെള്ളിയാഴ്ച 77 റൺസടിച്ച താരം മറ്റൊരു റെക്കോഡു കൂടി സ്വന്തം പേരിലാക്കി. ലിറ്റ് എ ക്രിക്കറ്റിൽ ഏറ്റവുമുയർന്ന ബാറ്റിങ് ശരാശരിയെന്ന (കുറഞ്ഞത് 5,000 റൺസ് നേടിയ താരങ്ങളിൽ) റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.
ഏറെക്കാലമായി ആസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ബെവന്‍റെ പേരിലായിരുന്ന റെക്കോഡാണ് കോഹ്‌ലി ബംഗളൂരുവിൽ തിരുത്തിയത്. ബെവന് 57.86ഉം കോഹ്‌ലിക്ക് 57.87ഉം ആണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലിസ്റ്റ് എയിലെ ശരാശരി. ഓരോതവണ റെക്കോഡുകൾ പുതുക്കുമ്പോഴും ഇതിഹാസ താരമായ സചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്ന കോഹ്‌ലി പക്ഷേ 50 ഓവർ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച താരമാണെന്ന പറയാവുന്ന തരത്തിലാണ് നിലവിലെ ഫോം. കഴിഞ്ഞ ആറ് ഇന്നിങ്സുകളിലായി 146 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഇതോടെ കോഹ്‌ലി ‘ഗോഡ് മോഡി’ലാണെന്നു വരെ ആരാധകർ പറയുന്നു.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവുമയർന്ന ശരാശരിക്കാർ
- വിരാട് കോഹ്‌ലി (ഇന്ത്യ) – 57.87
- മൈക്കൽ ബെവൻ (ആസ്ട്രേലിയ) – 57.86
- സാം ഹെയ്ൻ (ഇംഗ്ലണ്ട്) – 57.76
- ചേതേശ്വർ പുജാര (ഇന്ത്യ) – 57.01
- ഋതുരാജ് ഗെയ്ക്വാദ് (ഇന്ത്യ) – 56.68
- ബാബർ അസം (പാകിസ്താൻ) – 53.82
- എബി ഡിവിലിയേഴ്സ് (ദക്ഷിണാഫ്രിക്ക) – 53.46
2027 ലോകകപ്പിൽ സീനിയർ താരങ്ങളായ രോഹിത്തും കോഹ്‌ലിയും കളിക്കണോ വേണ്ടയോ എന്ന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗം 16,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു. റൺവേട്ടയിൽ ഓരോ തവണയും സചിന്‍റെ റെക്കോഡുകൾ കടപുഴക്കുമ്പോൾ, ഏകദിനത്തിലെ മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് കിങ് കോഹ്‌ലി. നിലവിലെ ഫോമിൽ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തുകയല്ലാതെ മറ്റു മാർഗമൊന്നും സിലക്ഷൻ കമ്മിറ്റിക്കു മുന്നിലില്ല.
കോഹ്‌ലിയുടെ കഴിഞ്ഞ ആറ് ഇന്നിങ്സുകൾ
- 77 (61) vs ഗുജറാത്ത്
- 131 (101) vs ആന്ധ്ര
- 65* vs ദക്ഷിണാഫ്രിക്ക
- 102 vs ദക്ഷിണാഫ്രിക്ക
- 135 vs ദക്ഷിണാഫ്രിക്ക
- 74* vs ആസ്ട്രേലിയ
