അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ



തൃശ്ശൂർ: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ അതിജീവിതക്കെതിരെ അപവാദ പ്രചാരണം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. സമൂഹമാധ്യമ അഡ്മിനും വയനാട് സ്വദേശിയുമായ ആളാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെ പ്രതി അതിജീവിതയുടെ വിഡിയോ പ്രചരിപ്പിച്ചെന്നാണ് കേസ്.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി വന്നതിന് പിന്നാലെ രണ്ടാം പ്രതിയായ മാർട്ടിൻ ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വിഡിയോയിൽ അതിജീവിതയുടെ പേര് പറയുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിന് പിന്നാലെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്.

അതിജീവിതക്കെതിരെ അപവാദ പ്രചാരണം നടത്തിയ മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ തുടർനടപടിയുണ്ടാകുമെന്നും 200ലധികം അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.