ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ന്യൂഡൽഹി: സ്​പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി, എ.ഐ.എഫ്.എഫ് ഉടമസ്ഥതയിൽ തന്നെ ലീഗ് സംഘടിപ്പിക്കാൻ ഫെഡറേഷൻ യോഗത്തിൽ തീരുമാനം. അനിശ്ചിതമായി വൈകുന്ന 2025-26 സീസണിന് ഫെബ്രുവരി അഞ്ചിന് കിക്കോഫ് കുറിക്കാനും ​വെള്ളിയാഴ്ച ചേർന്ന വിപുലമായ യോഗത്തിൽ തീരുമാനമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉടമസ്ഥതയും സംഘാടനവും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നേതൃത്വത്തിലാണ് 20 വർഷത്തെ ലീഗ് സീസൺ ആസൂത്രണം ചെയ്യുന്നത്.

എല്ലാ വർഷവും ജൂൺ ഒന്നിന് തുടങ്ങി മേയ് 31 വരെ 12 മാസം നീണ്ടു നിൽക്കുന്നതാവും ഒരു സീസൺ. പുതിയ ലീഗ് സീസൺ 2026-27ൽ ആരംഭിക്കും. ലീഗ് പ്രമോഷനും, തരംതാഴ്ത്തലും ഉൾപ്പെടെ എ.എഫ്.സി നിയമാവലികൾ പാലിച്ചായിരിക്കും സംഘാടനം.

70 കോടി ബജറ്റ് നിശ്ചയിച്ച്, ചിലവുകൾ പരമാവധി ചുരുക്കി ലീഗ് സംഘടിപ്പിക്കാനാണ് പദ്ധതി. സമ്മാനത്തുക, ലീഗ് നടത്തിപ്പ് ചിലവുകൾ എന്നിവ സെൻട്രൽ ഓപറേഷണൽ ബജറ്റിൽ ഉൾപ്പെടുത്തും.

കളിക്കുന്ന ക്ലബുകൾ പങ്കാളിത്ത ഫീസായി എല്ലാ വർഷവും ഒരു കോടി രൂപ ഫെഡറേഷന് നൽകണം. എന്നാൽ, ഈ തുക സീസൺ അവസാനത്തിൽ ക്ലബുകൾക്ക് തിരികെ നൽകും. ലീഗിന്റെ സംഘാടനത്തിനായി ഫെഡറേഷനു കീഴിൽ ക്ലബ് പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക ബോർഡ് രൂപീകരിക്കും. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ 14 ഐ.എസ്.എൽ ക്ലബുകളുടെയും പ്രതിനിധികൾ പ​ങ്കെടുത്തതായി ഗോവ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കാറ്റെനോ ഫെർണാണ്ടസ് പറഞ്ഞു.

വരുമാന വിഹിതത്തിന്റെ 10 ശതാമനം ഫെഡറേഷനും, 30 ശതമാനും വാണിജ്യ പങ്കാളികൾക്കുമായി നീക്കിവെക്കും.

വാണിജ്യ പങ്കാളികളും, ക്ലബുകളും വഴിയുള്ള ധാനഗമന മാർഗങ്ങളും, ഓഹരി വിഹിതവും വരുമാനം പങ്കുവെക്കലും ഉൾപ്പെടെ പ്ലാനുകളും ഫെഡറേഷൻ തയ്യാറാക്കി. 20 വർഷത്തേക്കുള്ള ദീർഘകാല പദ്ധതിയാണ് അവതരിപ്പിച്ചത്. ഫെഡറേഷൻ തീരുമാനമെടുത്തതോടെ, പന്ത് ഇനി ക്ലബുകളുടെ കോർട്ടിലാണ്. ഈയാഴ്ച നടക്കുന്ന യോഗങ്ങളിൽ എല്ലാ ക്ലബ് ഉടമകളും എ.ഐ.എഫ്.എഫ് നിർദേശങ്ങൾ വിശകലനം ചെയ്യും.

ക്ലബുകളുടെ നേതൃത്വത്തിൽ കൺസോർട്ട്യം രൂപവൽകരിച്ചുള്ള ടൂർണമെന്റ് മാതൃക ഫെഡറേഷൻ തള്ളിയിരുന്നു.

2025 സീസണിന് എന്ന് പന്തുരുളും?

അടുത്ത വർഷത്തെ ലീഗ് സീസൺ കിക്കോഫിനുള്ള പദ്ധതികളാണ് ഫെഡറേഷൻ ആസൂത്രണം ചെയ്തതത്. 2025-26 സീസൺ അതിന് മുമ്പായി പൂർത്തിയാക്കാനാണ് നീക്കം. ഗോവ, കൊൽക്കത്ത എന്നീ രണ്ട് വേദികളിലായി രണ്ട് ഗ്രൂപ്പായി തിരിച്ച് മത്സരം നടത്താനാണ് ഒരു നിർദേശം. കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ഉൾപ്പെടുന്ന സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എസ് മാതൃകയിലെ രണ്ടു വേദി നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ, സ്വിസ് ഫോർമാറ്റിൽ ഹോം, എവേ അടിസ്ഥാനത്തിൽ ലീഗ് നടത്തുന്നതും​ ഫെഡറേഷൻ നിർദേശത്തിലുണ്ട്. ഡിസംബർ 28ന് ക്ലബ് പ്രതിനിധികളുടെ യോഗത്തിൽ സീസൺ കിക്കോഫ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഫെബ്രുവരി അഞ്ചിന് ലീഗ് സീസൺ ആരംഭിച്ചാൽ 190 മാച്ചുകൾ കളിച്ച് നിശ്ചിത സമയത്തിന് മുമ്പ് പൂർത്തിയാക്കുമെന്നും എ.ഐ.എഫ്.എഫ് ഒഫീഷ്യൽ അറിയിച്ചു.