എസ്.ഐ.ആർ: കരടിനുശേഷം പേര് ചേർക്കാൻ ലഭിച്ചത് 58,196 അപേക്ഷ; ഇതിൽ 11,111 പേർ പ്രവാസികൾ
തിരുവനന്തപുരം: എസ്.ഐ.ആർ കരട് പ്രസിദ്ധീകരിച്ച ശേഷം പേര് ചേര്‍ക്കാൻ ലഭിച്ചത് 58,196 അപേക്ഷ. ശനിയാഴ്ച വരെ 47,085 സ്വദേശികളും 11,111 പ്രവാസികളും അപേക്ഷ നൽകി. 86 ഒഴിവാക്കൽ അപേക്ഷകളും ലഭിച്ചു. കരട് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് 3,59,968 പേരും 30,202 പ്രവാസികളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.
വിവരം നല്കാനാകാതെ പോയതിനെ തുടര്‍ന്ന് എസ്.ഐ.ആര് കരട് പട്ടികയില്‍ പേര് ഇല്ലാത്ത 19.32 ലക്ഷം പേർക്കായി ഉടൻ ഹിയറിങ് നടത്തും. അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടീസ് ഒരാഴ്ച മുമ്പ് നല്‍കും. ഹിയറിങ് വേളയില്‍ ഹാജരാക്കേണ്ട രേഖകള്‍ തയാറാക്കാന്‍ സമയം നല്കുന്നതിനു വേണ്ടിയാണിത്.
ഹിയറിങ് തീയതി ഇ.ആർ.ഒമാര്‍ നിശ്ചയിക്കും. അതിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടായിരിക്കില്ല. പരിശോധനക്കും ഹിയറിങ്ങിനുമായി രണ്ട് മാസം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
