പൊന്നാനിയിൽ ദേശീയപാതയോരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡി.പി.ആർ തയാറാക്കി നഗരസഭ

പൊന്നാനി: ദേശീയപാത കടന്നുപോകുന്ന പൊന്നാനി നഗരസഭ പ്രദേശത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ വിശദ പദ്ധതി രേഖ (ഡി.പി.ആർ)യുമായി നഗരസഭ രംഗത്ത്. ദേശീയപാത നിർമിച്ചതിനെത്തുടർന്ന് മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടയിടങ്ങളിൽ വെള്ളം ഒഴുകുന്നത് സുഗമമാക്കാനുള്ള നിർദേശങ്ങളടങ്ങിയ ഡി.പി.ആറാണ് നഗരസഭ തയാറാക്കി ജില്ല കലക്ടർക്ക് കൈമാറിയത്. മലപ്പുറം ജില്ല കലക്ടറുടെ ചേംബറിൽ മുമ്പ് നടന്ന യോഗ തീരുമാനത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പദ്ധതി രേഖ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് നിർദേശങ്ങളും പരിഹാര മാർഗങ്ങളും ഉൾപ്പെടുത്തിയ ഡി.പി.ആർ തയാറാക്കി നൽകിയത്. ദേശീയപാത വികസനത്തിന്റെ അനന്തര ഫലമായി പൊന്നാനി നഗരസഭയുടെ വിവിധയിടങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. കുട്ടാട് ഭാഗത്തുനിന്നും എത്തുന്ന വെള്ളം നീലം തോട് വഴി ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് കൂടി ബിയ്യം കായലിലേക്കാണ് നേരത്തേ എത്തിയിരുന്നത്.

എന്നാൽ, ദേശീയപാത വന്നതോടെ വെള്ളം റോഡിന് മറുവശം എത്തുന്നതിന് തടസ്സമാവുകയും നീലം തോട് കരകവിയുകയും നിരവധിയിടങ്ങൾ വെള്ളക്കെട്ടിലാവുകയും ചെയ്തിരുന്നു. മഴക്കാലത്ത് രൂക്ഷമായ പ്രശ്നമായതിനാൽ പല തവണ ഇക്കാര്യം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് വിശദ പദ്ധതി രേഖ സമർപ്പിക്കാൻ തീരുമാനമായത്. ജില്ല കലക്ടർക്ക് നൽകിയ ഡി.പി.ആർ ദേശീയപാത വിഭാഗവുമായി കൂടിയാലോചിച്ച് പ്രായോഗികമായ രീതിയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പരിഹാര മാർഗം തേടും.

അടുത്ത മൺസൂണിന് മുമ്പ് പരിഹാരം വേണമെന്ന് എം.എൽ.എയും നഗരസഭ ചെയർപേഴ്സനും കലക്ടറോട് ആവശ്യപ്പെട്ടു. പി. നന്ദകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സി.വി. സുധ, നഗരസഭ മുൻ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി എന്നിവരുടെ സാന്നിധ്യത്തിലാണ് ഡി.പി.ആർ കൈമാറിയത്. ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുമെന്ന് കലക്ടർ ഉറപ്പു നൽകി.