സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്കൻ മരിച്ചനിലയിൽ



കണ്ണൂർ: സ്വയം കഴുത്ത് മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രാജേന്ദ്രന്‍റെ ഭാര്യ വീട്ടിൽവെച്ചായിരുന്നു സംഭവം.

ഉച്ചയോടെ അസ്വസ്ഥ പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാൻ ആദ്യം ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടുകയായിരുന്നു. ഇതോടെ വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിക്കുകയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിനെ അയച്ചും തിരച്ചിൽ നടത്തിയെങ്കിലും ഞായറാഴ്ച വിവരമൊന്നും ലഭിച്ചില്ല. രക്തക്കറ പുരണ്ട ടീഷർട്ട് കണ്ടെത്തിയിരുന്നു. ഒടുവിൽ കാട്ടിൽ ഒന്നര കിലോമീറ്റർ ഉള്ളിലാണ് രാജേന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്. വന്യമൃഗങ്ങൾ ആക്രമിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം തുടങ്ങി. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നാണ് വിവരം. കുടുംബ പ്രശ്നവും കഴുത്തു മുറിക്കാൻ കാരണമായെന്നാണ് പൊലീസ് കരുതുന്നത്.