കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതെന്തിന്?; എസ്.ഐ.ടിയെ വിമർശിച്ച് കെ. മുരളീധരൻ



തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്തതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം.

പലതും മറച്ചു പിടിക്കുന്ന നീക്കമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. എസ്‌.ഐ.ടിയുടെ നീക്കങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, സി.പി.എമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്നും ചെന്നിത്തല പറഞ്ഞു.

ഹൈകോടതിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എസ്‌.ഐ.ടിയുടെ അന്വേഷണത്തില്‍ പരാതിയില്ല. എന്നാല്‍ രാജ്യാന്തര ബന്ധമുള്ള സ്വര്‍ണ്ണക്കൊള്ളയായതിനാല്‍ എസ്‌.ഐ.ടിക്ക് പരിമിതിയുണ്ട്. അതിനാലാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ല എന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണം. ഇതിനായി ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. പ്രശാന്തിനേയും കടകം പള്ളി സുരേന്ദ്രനെയും ഒരേ ദിവസമാണ് ചോദ്യം ചെയ്തത്.

കടകംപള്ളി സുരേന്ദ്രനെ മൂന്നര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു എന്നാണ് വിവരം. ബോർഡിന്‍റെ തീരുമാനങ്ങളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും ബോർഡാണ് എടുത്തത്. സ്വർണം പൂശാനുള്ള ഒരു ഫയൽ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞതായാണ് അറിയുന്നത്.

അതേസമയം, മുൻമന്ത്രിയെന്ന നിലയിൽ തന്നോട് വിവരങ്ങൾ ചോദിച്ചു, അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.