മോഹൻലാലിന്റെ അമ്മക്ക് യാത്രാമൊഴി
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം. മുടവൻമുകളിലെ ‘ഹിൽവ്യൂ’ വീട്ടിൽ ബുധനാഴ്ച രാവിലെ എത്തിച്ച മൃതദേഹം കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി രാവിലെ മുതൽ തന്നെ തിരക്കായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി (90) മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് വിടവാങ്ങിയത്.
കല, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ വീട്ടിലേക്കെത്തി. അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഉള്ളിലൊതുക്കിയ ഗദ്ഗദത്തോടെ മലയാളത്തിന്റെ മഹാനടൻ നിന്നു. ദുഃഖം ഉള്ളിലൊതുക്കി അദ്ദേഹം അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. മൃതദേഹം എത്തിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും മകള്‍ വിസ്മയയും എത്തി. 11 മണിയോടെയാണ് മകനും നടനുമായ പ്രണവ് മോഹൻലാൽ എത്തിയത്.
രാവിലെ മുതൽ തന്നെ പൂജപ്പുര-മുടവന്മുകള് റോഡും പരിസരവും ഗതാഗതത്തിരക്കിലായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ഭാര്യ രാധിക, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, വി. അബ്ദുറഹ്മാന്, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രന് കടന്നപ്പള്ളി, ജി.ആര്. അനില്‍, ഡി.ജി.പി റവഡ ചന്ദ്രശേഖര്‍, നടന് ജയറാം, മക്കളായ കാളിദാസ്, മാളവിക, എം.പിമാരായ എ.എ. റഹീം, കെ.സുധാകരന്, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്, ഗോകുലം ഗോപാലന്
സംവിധായകരായ പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണന്, രഞ്ജിത്ത്, രാജസേനന്, സുരേഷ് ബാബു, ഗായകന് എം.ജി. ശ്രീകുമാര്‍, മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, എം.എല്‍.എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, അഭിനേതാക്കളായ ജഗദീഷ്, മേജര്‍ രവി, കാര്‍ത്തിക, ഗോകുല്‍ സുരേഷ്, മേനക സുരേഷ്, മല്ലിക സുകുമാരന്‍, നഗരസഭാംഗങ്ങളായ ആര്. ശ്രീലേഖ, കെ.എസ്. ശബരീനാഥന് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.
ഉച്ചക്ക് മൂന്നു മണിയോടെ മോഹന്‍ലാലും ബന്ധുക്കളും അന്ത്യകര്‍മങ്ങള്‍ ചെയ്തു. നാല് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ശവമഞ്ചത്തിന്റെ വലതുവശം മോഹൻലാലും ഇടത് വശത്ത് പ്രണവും ചുമന്നു. വീടിന് പിന്നിൽ ഒരുക്കിയ ചിതക്ക് മോഹൻലാൽ തീകൊളുത്തി.
