2026 ക്ഷണിതാക്കൾ, 2026 വൃക്ഷത്തൈകൾ; നിഹാദും രിഫയും കൈകോർത്തു

പരപ്പനങ്ങാടി: പുതുവർഷ നിറവിനൊപ്പം 2026 വൃക്ഷത്തൈകൾ നൽകി ജീവിതത്തിന്റെ പുതുപുലരിയിലേക്ക് ചുവടുവെച്ച് നിഹാദും രിഫയും. സംസ്ഥാന കർഷക മിത്ര അവാർഡ് ജേതാവ് അബ്ദു റസാഖ് മുല്ലേപാട്ടാണ് മകൻ നിഹാദിന്റെ വിവാഹ സൽക്കാരത്തിന് 2026 പ്ലാവിൻ തൈകൾ വിവാഹ സമ്മാനമായി നൽകിയത്. പുതു വർഷ തലേന്ന് നടന്ന വിവാഹത്തിലേക്ക് 2026 ക്ഷണിതാക്കളെ കണക്കാക്കിയാണ് എല്ലാവർക്കും വേഗം കായ്ഫലം നൽകുന്ന വിയറ്റ്നാം പ്ലാത്തൈകൾ വിവാഹസമ്മാനമായി നൽകിയത്.
വരൻ നിഹാദും തിരൂർ ഏഴൂർ സ്വദേശി പി.സി. അബൂബക്കറിന്റെ മകൾ വധു രിഫയും ചേർന്ന് നബാർഡ് ജില്ല ഡെവലപ്മെന്റ് മാനേജർ മുഹമ്മദ് റിയാസിന് ആദ്യ തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ആയിരക്കണക്കിന് ചെടികളുടെ ഔഷധ ഉദ്യാനം സ്വന്തമായുള്ള മുല്ലേപ്പാട്ട് അബ്ദുറസാഖിന്റെ പരപ്പനങ്ങാടിയിലെ ഹെർബൻ ഗാർഡൻ ഇതിനകം കേരള സർക്കാറിന്റെയും ഗുജറാത്ത് സർക്കാറിന്റെയും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
