‘മുല്ലപ്പള്ളി രാമചന്ദ്രൻ – 82 വയസ്, ഇനിയും വിശ്രമ ജീവിതം തുടരട്ടെ’; സേവ് കോൺഗ്രസിന്‍റെ പേരിൽ പ്രതിഷേധ പോസ്റ്റർ



ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ്രകടി​പ്പി​ച്ച കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിന്‍റെ പേരിൽ ചോമ്പാല അടക്കമുള്ള സ്ഥലങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

‘കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തുപോകാൻ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെ’ എന്നാണ് പോസ്റ്ററിലുള്ളത്.

പോസ്റ്ററിലെ വിശദാംശങ്ങൾ

മുല്ലപ്പള്ളി രാമചന്ദ്രൻ 82 വയസ്

7 തവണ എം.പി, രണ്ട് തവണ കേന്ദ്ര മന്ത്രി, എ.ഐ.സി.സി സെക്രട്ടറി എന്നിട്ടും അധികാരകൊതി മതിയായില്ലേ? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തു പോകാൻ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമ ജീവിതം തുടരട്ടെ. സേവ് കോൺഗ്രസ്

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കവെയാണ് മ​ത്സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ്രകടിപ്പി​ച്ചത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തു​വ​രെ ഒ​രു ഘ​ട്ട​ത്തി​ലും സ്ഥാ​നാ​ര്‍ഥി​ത്വം നി​ഷേ​ധി​ച്ച് ക​ട​ന്നു​ പോ​യി​ട്ടി​ല്ലെ​ന്നും മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ത​ന്റെ തീ​രു​മാ​നം ത​ന്നെ​യാ​ണ് പ്ര​ധാ​ന​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു​ പ​റ​ഞ്ഞ​താ​ണ്. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യ​തി​നാ​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ത​നി​ക്ക് മ​ത്സ​രി​ക്കാ​നൊ​ന്നും ഒ​രു​ കാ​ല​ത്തും പ്ര​യാ​സ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​തി​ര്‍ന്ന​വ​രെ​യും യു​വാ​ക്ക​ളെ​യും കൂ​ട്ടി​യി​ണ​ക്കി​യാ​ണ് കൊ​ണ്ടു​ പോ​വാ​റു​ള്ള​തെന്നും നെ​ഹ്‌​റു​വിന്‍റെ കാ​ലംമു​ത​ലു​ള്ള നി​ല​പാ​ടാ​ണെ​ന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

മുല്ലപ്പള്ളി രാമചന്ദ്രനായി കൊയിലാണ്ടി, നാദാപുരം മണ്ഡലങ്ങളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. ഉത്തര മലബാറിലെ സാമുദായിക സന്തുലനത്തിന് മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

വയനാട്ടിൽ ജനുവരി 4, 5 തീയതികളിൽ നടക്കുന്ന കെ.പി.സി.സി ക്യാമ്പിൽ നേതാക്കളുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.