പള്ളിപ്പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം, ഒരാൾ മരിച്ചു



എറണാകുളം: മൂവാറ്റുപുഴയിൽ കതിന നിറക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിപ്പെരുന്നാളിൽ കതിന നിറക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കടാതി സ്വദേശി രവിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരാറുകാരനായ ജെയിംസിനാണ് പരിക്കേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച രവിയും ജെയിംസുമാണ് കതിന നിറച്ചിരുന്നത്. അപകടത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല.

അപകടത്തിന് ശേഷം നടന്ന അടിയന്തര യോഗം ചേർന്ന് മരിച്ച രവിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ നൽകുമെന്ന് പള്ളി കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകളുടെ ചിലവും പള്ളി ഏറ്റെടുത്തു. ജെയിംസിന്റെ ചികിത്സക്കുള്ള സാമ്പത്തിക സഹായവും പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പെരുന്നാളിന്റെ ആഘോഷ ചടങ്ങുകളും വെട്ടിക്കുറച്ചിട്ടുണ്ട്.