പ്രായം പിന്നോട്ടടിച്ച് ക്രിസ്റ്റ്യാനോ! ഫിറ്റ്നസ് ലോകത്തെ ഞെട്ടിച്ച റൊണാൾഡോയുടെ ഹെൽത്ത് സീക്രട്ട്

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 40-ാം വയസ്സിലും അവിശ്വസനീയമായ കായികക്ഷമത നിലനിർത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രം വൈറലായതോടെ താരത്തിന്റെ ഫിറ്റ്നസ് വീണ്ടും ലോകമെങ്ങും ചർച്ചയാവുകയാണ്.
സൗന ബാത്തിന് ശേഷമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോ എത്തിയത്. കൈകളിലെയും വയറിലെയും കാലുകളിലെയും പേശികൾ അത്രമേൽ വ്യക്തമാകുന്ന ചിത്രമായിരുന്നു അത്. വളരെയധികം ചൂടുള്ള ഒരു ചെറിയ മുറിയിൽ കുറച്ചുനേരം ചിലവഴിക്കുന്ന രീതിയാണ് സൗന ബാത്ത്. സാധാരണയായി തടി കൊണ്ട് നിർമിച്ച മുറികളിൽ വരണ്ട ചൂടോ അല്ലെങ്കിൽ നീരാവിയോ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ബോഡി ഫാറ്റിന്റെ അളവ് ഏഴ് ശതമാനത്തിൽ താഴെ മാത്രമാണ്. സാധാരണഗതിയിൽ അത്ലറ്റുകൾക്ക് പോലും പ്രായം കൂടുന്തോറും പേശികൾക്ക് ബലക്കുറവ് സംഭവിക്കാറുണ്ട്. എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ പ്രായം വെറും അക്കങ്ങൾ മാത്രമാവുകയാണ്.
ഫിറ്റ്നസ് വിദഗ്ധയായ ഗരിമ ഗോയലിന്റെ അഭിപ്രായത്തിൽ കഠിനമായ സ്ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എൻഡുറൻസ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളും അദ്ദേഹം ഒരേപോലെ കൊണ്ടുപോകുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്കും പ്രകൃതിദത്തമായ ഭക്ഷണപദാർത്ഥങ്ങൾക്കുമാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ഭക്ഷണകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറല്ല. കൃത്യസമയത്തുള്ള ഉറക്കത്തിനും ശരീരത്തിന്റെ റിക്കവറിക്കും വ്യായാമം പോലെ തന്നെ അദ്ദേഹം പ്രാധാന്യം നൽകുന്നു.
ഒരു ദിവസം ആറ് തവണയായി ചെറിയ അളവിലാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. പേശികളുടെ ബലത്തിനായി ചിക്കൻ, മത്സ്യം (പ്രത്യേകിച്ച് വാളമീൻ, കോഡ് ഫിഷ്) എന്നിവ ധാരാളമായി ഉൾപ്പെടുത്തുന്നു. മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്യപിക്കില്ല എന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ പ്രധാന രഹസ്യമാണ്. ദാഹത്തിന് വെള്ളം മാത്രമാണ് അദ്ദേഹം പ്രധാനമായും ഉപയോഗിക്കുന്നത്. മൈദ കൊണ്ടുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ അദ്ദേഹം കഴിക്കാറില്ല.
ജിമ്മിലെ വ്യായാമങ്ങൾ മാത്രമല്ല റൊണാൾഡോയുടെ രീതി. ഓട്ടവും നീന്തലും അദ്ദേഹത്തിന്റെ ശീലമാണ്. ഇത് ഹൃദയാരോഗ്യവും സ്റ്റാമിനയും വർധിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനമായ വ്യായാമങ്ങൾ ചെയ്ത് കൊഴുപ്പ് കുറക്കുന്ന രീതിയും റൊണാൾഡോ പിന്തുടരാറുണ്ട്.
പേശികളുടെ വീക്കം കുറക്കാനും വേഗത്തിൽ റിക്കവർ ചെയ്യാനും അദ്ദേഹം പതിവായി ഐസ് ബാത്ത് എടുക്കാറുണ്ട്. ഒറ്റയടിക്ക് എട്ട് മണിക്കൂർ ഉറങ്ങുന്നതിന് പകരം, ദിവസം മുഴുവനായി അഞ്ച് തവണയായി 90 മിനിറ്റ് വീതമുള്ള ലഘുനിദ്രകൾ എടുക്കുന്ന രീതിയാണ് റൊണാൾഡോ പ്രധാനമായും ചെയ്യുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതും ശാന്തമായ മനസ്സ് സൂക്ഷിക്കുന്നതും കായികക്ഷമതയുടെ ഭാഗമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
