‘കാലം തെറ്റിയ മഴ’യുടെ എഴുത്തുകാരി മെസ്നക്ക് ഇരട്ടത്തിളക്കം
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ സ്വദേശി കെ.വി. മെസ്നക്ക് ഇത്തവണ ഇരട്ടി മധുരമാണ്. എച്ച്.എസ്.എസ് വിഭാഗം മലയാളം കവിതാ രചനയിലും ഉപന്യാസ രചനയിലും എ ഗ്രേഡാണ് സ്വന്തമാക്കിയത്.
കവിതാ രചനയിൽ മൂന്നാം തവണയണ് എ ഗ്രേഡ് നേടുന്നത്. മെസ്ന തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്. സി.ബി.എസ്.ഇ ഏഴാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിൽ മെസ്ന എഴുതിയ ‘കാലം തെറ്റിയ മഴ’ എന്ന കവിത കുട്ടികൾക്ക് പഠിക്കാനുണ്ട്.
കേരള സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ സംസ്ഥാന കവിതാ പുരസ്കാരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മെസ്ന ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷം പാലക്കാട് നടന്ന സാമൂഹ്യ ശാസ്ത്രമേളയിലും മെസ്നക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അധ്യാപകരായ കെ.വി. മെസ്മറിന്റെയും കെ.കെ. ബീനയുടെയും ഏക മകളാണ്.
