ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വിഡിയോ പങ്കുെവച്ചു; യുവാവ് ജീവനൊടുക്കി
കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുെവച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി യു. ദീപക് (42) ആണ് മരിച്ചത്. തിരക്കുള്ള ബസിൽ യുവാവ് മനഃപ്പൂർവം ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു വിഡിയോ പങ്കുവെച്ച് യുവതിയുടെ ആരോപണം.
ബസിൽവെച്ച് യുവതി ചിത്രീകരിച്ച വിഡിയോ സാമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ബസിൽ പോകവെയാണ് വിഡിയോ പകർത്തിയത്. ശനിയാഴ്ച രാത്രി മുറിയിൽ കയറിയ ദീപക്കിനെ രാവിലെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് ദീപകിനെ മാനസികമായി തകർത്തതായും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വസ്ത്ര മൊത്തവ്യാപാര ഏജൻസിയിലെ തൊഴിലാളിയാണ് ദീപക്. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്കെതിരെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദീപകിന്റെ പിതാവ് ചോയി. മാതാവ്: കന്യക. സംഭവത്തെക്കുറിച്ച് വടകര പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് യുവതിയുടെ വിശദീകരണം.
