‘ടിക്കറ്റ് വരുമാനം കൂടിയെന്ന് കരുതി അഡ്ജസ്റ്റ് ചെയ്യാനാവില്ല’; ധന വകുപ്പിനെതിരെ ഗണേഷ് കുമാർ
തിരുവനന്തപുരം: ടിക്കറ്റ് വരുമാനം കൂടിയതോടെ ധന വകുപ്പ് പ്രതിമാസ ധനസഹായം വൈകിപ്പിക്കുകയാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒന്ന് അഡ്ജസ്റ്റ് ചെയ്യാനാണ് പറയുന്നത്. തത്കാലം അത് പറ്റില്ല. സര്‍ക്കാര്‍ ധനസഹായം അങ്ങനെ തന്നെ കിട്ടിയേ തീരൂ- മന്ത്രി പറഞ്ഞു.
ജീവനക്കാർക്ക് ശമ്പളം നല്‍കുന്നത് കടമെടുത്താണ്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ല. മന്ത്രിയും സര്‍ക്കാരും മാറിയാലും കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണങ്ങളിൽ നിന്ന് പിന്നോട്ടു പോകാന്‍ അനുവദിക്കരുത് -ഗണേഷ്‌കുമാര്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച ജീവനക്കാരന്റെ ആശ്രിതര്‍ക്കുള്ള ഒരു കോടി രൂപയുടെ ധനസഹായം കൈമാറുകയായിരുന്നു അദ്ദേഹം. സി.എം.ഡി പി.എസ്. പ്രമോജ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ട്രെയിൻ അപകടത്തില്‍ മരിച്ച പൂവാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ സുഗതന്റെ ഭാര്യ എം. ഷീജക്കാണ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിന്നുള്ള ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്.
