സി സോൺ കലോത്സവം: യൂനിവേഴ്സിറ്റി കാമ്പസ് മുന്നിൽ

വേങ്ങര: ചേറൂർ പി.പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവത്തിന്റെ രണ്ടാം ദിനം കലയും സാംസ്കാരിക തനിമയും വിളിച്ചോതുന്ന മത്സരങ്ങളാൽ പ്രൗഢമായി. വ്യാഴാഴ്ച രാത്രി 32 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് 93 പോയന്റുമായി ഒന്നാം സ്ഥാനത്തും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് 55 പോയന്റുമായി രണ്ടാം സ്ഥാനത്തും മമ്പാട് എം.ഇ.എസ് കോളജ് 25 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. സ്റ്റേജിതര മത്സരങ്ങളായ വിവിധ ഭാഷ പ്രസംഗങ്ങൾ, പൂക്കള നിർമാണം, അക്ഷര ശ്ലോകം, ഓയിൽ പെയിന്റിങ്, കാവ്യകേളി, ക്ലേ മോഡലിങ് എന്നിവയുടെ മത്സരം പൂർത്തിയായി.
വെള്ളിയാഴ്ച മോഹിനിയാട്ടം, ഓട്ടന്തുള്ളൽ, പെൺകുട്ടികളുടെ നാടോടിനൃത്തം, കേരളനടനം എന്നിവ സ്റ്റേജ് ഒന്നിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നാടോടിനൃത്തം, ഇംഗ്ലീഷ് നാടകം, സ്കിറ്റ് എന്നിവ സ്റ്റേജ് രണ്ടിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാപ്പിളപ്പാട്ട് രാവിലെ 9.30 മുതൽ സ്റ്റേജ് മൂന്നിലും മോണോ ആക്ട്, ചെണ്ടമേളം എന്നിവ നാലാം വേദിയിലും ചെണ്ട, തബല, മൃദംഗം, വയലിൻ, വീണ, ഗിറ്റാർ, പുല്ലാങ്കുഴൽ, ഹാർമോണിയം തുടങ്ങിയവ വേദി അഞ്ചിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ലളിതഗാനം എന്നിവ വേദി ആറിലും നടക്കും. ശനിയാഴ്ച വൈകുന്നേരം ഏഴിന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.പി. അനിൽ കുമാർ എം.എൽ.എ, നടൻ ഗണപതി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
