സ്റ്റേജിൽ മോദിയുടെ അടുത്തേക്ക് പോകാതെ മാറി നിന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: കോർപറേഷൻ മേയറാക്കാത്തതിലെ അതൃപ്തിയിൽ തുടരുന്ന ആർ. ശ്രീലേഖ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത് ‘അകലം’ പാലിച്ച്. വേദിയിലുണ്ടായിരുന്നെങ്കിലും മോദിയുടെയും സംസ്ഥാന നേതാക്കളുടെയും അടുത്തേക്ക് പോയില്ല. പ്രസംഗം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെ നേതാക്കൾക്ക് കൈകൊടുത്ത് മുന്നോട്ടു നീങ്ങിയപ്പോഴും അകലേക്ക് മാറി നിൽക്കുകയായിരുന്നു ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രലേഖ.
ഒടുവിൽ, മേയര്‍ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉള്‍പ്പടെ നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ അടുത്തേക്ക് പോകാതെ ഒറ്റയ്ക്ക് മാറിനിന്നു. പിന്നീട് വേദിയുടെ മറുഭാഗത്തുകൂടി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബി.ജെ.പി മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുകയും ഒടുവിൽ പരിഗണിക്കാതിരിക്കുകയും ചെയ്തതിലെ അതൃപ്തിയിലാണ് ശ്രീലേഖ. മേയറായി വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. വേദിയിൽ പ്രധാനമന്ത്രിയെ അയ്യപ്പ വിഗ്രഹം നൽകിയാണ് സ്വീകരിച്ചത്. തിരുവനന്തപുരം കോർപറേഷൻ വികസന നയം, അതിവേഗ റെയിൽപാത എന്നിവയടക്കം വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
