വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ ത്രിശങ്കുവിൽ



മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ, വിഷയത്തിൽ സംസ്ഥാന സർക്കാർ ആശയക്കുഴപ്പത്തിൽ. പുതിയ ബോർഡിൽ രണ്ട് അമുസ്‍ലിം അംഗങ്ങൾ വേണമെന്ന കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. അമുസ്‍ലിംകളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുത്തുമെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്.

മോദി സർക്കാറിന്റെ വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെ പാർലമെന്റിൽ ഇൻഡ്യ മുന്നണിയും ഇടത് പാർട്ടികളും ശക്തിയുക്തം എതിർത്തിരുന്നു. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കുന്നത് പേരുദോഷം ഉണ്ടാക്കുമെന്ന് ഭയമുള്ളതിനാലാണ് നിലവിലെ ബോർഡിന്റെ കാലാവധി ഒരു വർഷംമുമ്പ് കഴിഞ്ഞിട്ടും പുനഃസംഘടന സർക്കാർ നീട്ടിവെച്ചത്.

കേരള വഖഫ് സംരക്ഷണ വേദി നൽകിയ പൊതുതാൽപര്യ ഹരജിയുടെ പശ്ചാത്തലത്തിൽ എത്രയും വേഗം ബോർഡ് പുനഃസംഘടന പൂർത്തിയാക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ജനുവരി 20ന് സർക്കാറിന് ഉത്തരവ് നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിന് കേസ് കോടതി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് നിർദേശം.

അമുസ്‍ലിം അംഗങ്ങളുടെ സ്ഥാനം ഒഴിച്ചിട്ട് ബോർഡ് പുനഃസംഘടിപ്പിക്കുകയെന്ന സാധ്യത സംസ്ഥാന സർക്കാർ തേടിയിരുന്നെങ്കിലും ഇത് സാധ്യമല്ലെന്ന നിയമോപദേശമാണ് കിട്ടിയത്. എന്നാൽ, അമുസ്‍ലിം അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനസംഘടിപ്പിച്ചാൽ, അത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുമോയെന്ന ഭയം മുഖ്യമന്ത്രിക്കുമുണ്ട്.

തദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയർന്നുവരുന്നത് എൽ.ഡി.എഫിന് മലബാറിൽ കൂടുതൽ ആഘാതമാവുമെന്ന ആശങ്ക മുന്നണിക്കകത്തുണ്ട്. പുതിയ ബോർഡിൽ എൽ.ഡി.എഫിന് താൽപര്യമുള്ള മുസ്‍ലിം സംഘടനകളുടെ പ്രതിനിധികളെ മുഴുവൻ ഉൾകൊള്ളിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടും സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. നേരത്തെ സർക്കാർ നാമനിർദേശത്തിന് പുറമേ, മുതവല്ലിമാർ വോട്ട് ചെയ്താണ് ബോർഡിലേക്ക് നിശ്ചിത ശതമാനം അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്. ഭേദഗതി നിയമപ്രകാരം പുതിയ ബോർഡിലേക്ക് ചെയർമാൻ അടക്കം 11 പേരെയും സർക്കാറിന് നേരിട്ട് നാമനിർദേശം ചെയ്യാം.