‘ആട് പച്ചില തിന്നും പോലെ ജലീലിന്റെ നിലപാട് മാറ്റം’; മോശം പരാമർശത്തിൽ നിയമനടപടിയുമായി സന്ദീപ് വാര്യർ
കോഴിക്കോട്: മുസ്ലിംകളുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് പാകിസ്താനിലേക്ക് ഓടിക്കണമെന്ന് പറഞ്ഞുവെന്ന ആരോപണത്തിൽ കെ.ടി. ജലീൽ എം.എൽ.എക്കെതിരെ നിയമനടപടിയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. നിയമനടപടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ജലീലിന് സന്ദീപ് വാര്യർ വക്കീൽ നോട്ടീസ് അയച്ചു.
താൻ മുസ്ലിംകൾക്കെതിരെ പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ, ജലീൽ കൂടി ഭാഗമായ സർക്കാരല്ലേ ഭരിക്കുന്നതെന്നും അറസ്റ്റ് ചെയ്തൂടെ എന്നും സന്ദീപ് വാര്യർ ചോദിച്ചു. പരാജയ ഭീതി കൊണ്ടാണ് ജലീൽ തന്റെ പേര് വലിച്ചിഴക്കുന്നത്. തവനൂരിൽ സ്ഥാനാർഥിയാകുമെന്ന മാധ്യമവാർത്തകൾ കണ്ടാകാം പേടി. എന്നാൽ, അത്തരം ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടായിട്ടില്ല. ആട് പച്ചില തിന്നും പോലെ ഇപ്പോൾ ജലീൽ നിലപാട് മാറ്റുന്നു. നേരത്തെ, മത്സരിക്കില്ല എന്ന് പറഞ്ഞു. പിണറായി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇപ്പോൾ പറയുന്നു -സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
‘മുസ്ലിംകളുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് പാകിസ്താനിലേക്ക് ഓടിക്കണം’ എന്ന് പച്ചക്ക് ചാനൽ ചർച്ചയിൽ പറഞ്ഞ സന്ദീപ് വാര്യരെ പൂമാലയിട്ട് ലീഗിന് പൊക്കിക്കൊണ്ട് നടക്കാമെന്നാണ് ഒരു ന്യൂസ് ചാനലിനോട് കെ.ടി. ജലീൽ പറഞ്ഞത്. കൂടാതെ, സന്ദീപ് വാര്യർക്കെതിരെ നടത്തിയ പരാമർശം ഉൾപ്പെടുത്തി ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് സന്ദീപ് വാര്യർ നിയമ നടപടി സ്വീകരിക്കുന്നത്.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“മുസ്ലിങ്ങളുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് പാക്കിസ്ഥാനിലേക്ക് ഓടിക്കണം” എന്ന് പച്ചക്ക് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ സന്ദീപ് വാര്യറെ പൂമാലയിട്ട് ലീഗിന് പൊക്കിക്കൊണ്ടു നടക്കാം, ഒരു പ്രശ്നവുമില്ല.
90 വയസ്സായ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് മഹാ അപരാധമായി പറഞ്ഞു നടക്കുന്ന ലീഗ് നേതാക്കളാണ് നിരവധി മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തിയ കെ സുരേന്ദ്രൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ വലിയ സമ്മാനപ്പൊതികളുമായി തിക്കിത്തിരക്കി പോയത്! അതിൽ ഒരു തെറ്റും ലീഗിനോ ലീഗിൻ്റെ ചുറ്റും തിരിയുന്ന സമുദായ ഉപഗ്രഹങ്ങൾക്കോ ഇല്ല!
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന നേതാവിൻ്റെ നിരാഹാര സത്യാഗ്രഹ പന്തൽ സന്ദർശിച്ച് ആശിർവദിച്ച് അനുഗ്രഹിച്ച് പിന്തുണച്ചത് ലീഗ് സംസ്ഥാന പ്രസിഡണ്ടാണ്. അതിൽ ഒരു വിഷമവും ലീഗിനോ ലീഗനുകൂല മുസ്ലീം സമുദായ സംഘടനകൾക്കോ ലവലേശമുണ്ടായില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷക്കണക്കിന് സംഭാവന നൽകിയത് ഇ അഹമ്മദ് സാഹിബും, ഇ.ടി മുഹമ്മദ് ബഷീറുമാണ്. അതിനെ മഹത്തായ മതേതര പ്രവൃത്തി എന്നാണ് ലീഗും ലീഗ് സ്പോൺസേഡ് സംഘടനകളും വിശേഷിപ്പിച്ചത്!
കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായും കിട്ടേണ്ടത് കേരളം ചോദിച്ചു വാങ്ങിയാൽ അതിനെ സി.പി.എം-ബി.ജെ.പി ‘ഡീലായി’ ചിത്രീകരിക്കുന്ന ലീഗും കോൺഗ്രസ്സും, കർണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ മോദിയേയും അമിത് ഷായേയും കണ്ട് കോടികൾ തരപ്പെടുത്തി ബാഗ്ലൂരിലേക്ക് കൊണ്ടു പോയി വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ ഡി.കെ ശിവകുമാറിൻ്റെ ‘നയതന്ത്രചാതുരി’ എന്നാണ് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്!
