ട്വന്റി20 ലോകകപ്പ് സന്നാഹം: യു.എസിനെതിരെ ജയിച്ച് ഇന്ത്യ എ; നാരായൺ ജഗദീശന് സെഞ്ച്വറി

മുംബൈ: ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ യു.എസിനെതിരെ ഇന്ത്യ എ ടീമിന് 38 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നാരായൺ ജഗദീശന്റെ (55 പന്തിൽ 104) വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 238 റൺസ് അടിച്ചെടുത്തു. യു.എസ് 19.4 ഓവറിൽ 200 റൺസിന് പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യൻ നിരയിൽ നായകൻ ആയുഷ് ബദോനി 26 പന്തിൽ 60 റൺസുമായി പുറത്താവാതെനിന്നു. പരിക്കിൽനിന്ന് മോചിതനായെത്തിയ ലോകകപ്പ് ടീം അംഗം തിലക് വർമ 24 പന്തിൽ 38 റൺസും നേടി.

യു.എസിനായി ആൻഡ്രിയെസ് ഗൂസ് 31 പന്തിൽ 44ഉം സഞ്ജയ് കൃഷ്ണമൂർത്തി 18 പന്തിൽ 41ഉം ശുഭം രഞ്ജാനെ 17 പന്തിൽ 28ഉം ഹർമീത് സിങ് ഒമ്പത് പന്തിൽ 25ഉം മുഹമ്മദ് മുഹ്സിൻ 10 പന്തിൽ 21 റൺസ് സ്കോർ ചെയ്തു. ഇന്ത്യൻ ബൗളർമാരിൽ രവി ബിഷ്ണോയ് മൂന്നും ഖലീൽ അഹ്മദും നമൻ ധിറും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി.