റുഥർഫോഡിന്‍റെ പവർ ഹിറ്റിൽ തകർന്ന് ഇംഗ്ലണ്ട്; വിൻഡീസിന് 30 റൺസിന്‍റെ ജയം

മുംബൈ: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ കഷ്ടിച്ച് രക്ഷപെട്ട ഇംഗ്ലണ്ടിനെ, വെസ്റ്റിൻഡീസിനെതിരായ കളിയിൽ ഭാഗ്യം തുണച്ചില്ല. ഷെർഫാൻ റുഥർഫോഡിന്‍റെ (76*) പവർ ഹിറ്റിങ്ങ് കരുത്തിൽ, വിൻഡീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലിഷ് ബാറ്റിങ് നിരയുടെ പോരാട്ടം 166ൽ അവസാനിച്ചു. 43 റൺസ് നേടി പുറത്താകാതെ നിന്ന ഓൾറൗണ്ടർ സാം കറനാണ് അവരുടെ ടോപ് സ്കോറർ. 30 റൺസിനാണ് ഇംഗ്ലണ്ട് തോൽവി വഴങ്ങിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ വിൻഡീസ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സ്കോർ: വെസ്റ്റിൻഡീസ് – 20 ഓവറിൽ ആറിന് 196, ഇംഗ്ലണ്ട് – 19 ഓവറിൽ 166ന് പുറത്ത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ രണ്ടക്കം തികയും മുമ്പ് ഓപണർമാരെ പുറത്താക്കി ആശിക്കുന്ന തുടക്കമാണ് ബൗളർമാർ ഇംഗ്ലിഷ് പടക്ക് നൽകിയത്. ഷായ് ഹോപ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോൾ ഒറ്റ റണ്ണായിരുന്നു ബ്രൻഡൻ കിങ്ങിന്‍റെ സംഭാവന. ഷിംറോൺ ഹെറ്റ്മെയറും (12 പന്തിൽ 23) റോസ്റ്റൺ ചേസും (29 പന്തിൽ 34) ചേർന്ന് സ്കോർ 50 കടത്തി.
ഹെറ്റ്മെയർ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ റുഥർഫോഡ് നിലയുറപ്പിച്ചു കളിച്ചതോടെ വിൻഡീസിന്‍റെ സ്കോറുയർന്നു. റോവ്മാൻ പവൽ 13 പന്തിൽ 14 റൺസെടുത്തു. അവസാന ഓവറുകളിൽ ജേസൻ ഹോൾഡറുടെ (17 പന്തിൽ 33) വെടിക്കെട്ടും വിൻഡീസിന് മികച്ച സ്കോറിലെത്താൻ സഹായമായി. 42 പന്തിൽ രണ്ട് ഫോറും ഏഴ് സിക്സറുകളുമുൾപ്പെടെ 76 റൺസ് നേടിയ റുഫർഫോഡ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജേമി ഓവർടനും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ സാം കറൻ ഒഴികെയുള്ളവർ പരാജയപ്പെട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഫിൽ സാൾട്ട് (14 പന്തിൽ 30), ജോസ് ബട്ട്ലർ (14 പന്തിൽ 21), ജേക്കബ് ബെതേൽ (23 പന്തിൽ 33) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോം ബാന്‍റൺ (2), ഹാരി ബ്രൂക്ക് (17), വിൽ ജാക്സ് (2), ജേമി ഓവർടൻ (5), ജോഫ്ര ആർച്ചർ (6), ലയാം ഡോവ്സൻ (1), ആദിൽ റഷീദ് (0) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോർ. 30 പന്തിൽ മൂന്നു ഫോറും രണ്ട് സിക്സുമടക്കം 43 റൺസ് നേടിയ കറൻ പുറത്താകാതെ നിന്നു. വിൻഡീസിനായി ഗുഡകേഷ് മോട്ടി മൂന്ന് വിക്കറ്റ് നേടി.
