ജനവാസകേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി

സുല്‍ത്താന്‍പടി ഊരിന് സമീപം സാമൂഹിക വിരുദ്ധര്‍ തള്ളിയ കക്കൂസ് മാലിന്യം
എടക്കര: രാത്രിയുടെ മറവില്‍ ചാത്തംമുണ്ട സുല്‍ത്താന്‍പടി ജനവാസ കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. രൂക്ഷമായ ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ ദുരിതത്തിലായി. സുല്‍ത്താന്‍പടി പൂക്കോട്ടുമണ്ണ ചുങ്കത്തറ റോഡില്‍ പണിയ നഗറിന് സമീപമാണ് മാലിന്യം തള്ളിയത്.
\വാഹനത്തിലെത്തിച്ച് റോഡില്‍നിന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുക്കിവിട്ട നിലയിലായിരുന്നു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റിയാസ് ചുങ്കത്തറ, പഞ്ചായത്തംഗങ്ങളായ വഹീദ മുഹമ്മദലി, ഷാഹുല്‍ മുനീര്‍, മുൻ അംഗം ബൈജു നല്ലംതണ്ണി, ആശാ വര്‍ക്കര്‍ ബിന്ദു, സാല്‍വോ ക്ലബ് പ്രവര്ത്തകന് റിയാസ് എന്നിവര്‍ സ്ഥലത്തെത്തി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോത്തുകല്ല് പൊലീസ് ഇന്‍സ്പെക്ടറും സ്ഥലത്തെത്തി. വാര്‍ഡംഗം വാഹിദ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സാല്‍വോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ മാലിന്യം മണ്ണിട്ട് മൂടുകയും ക്ലോറിനേഷന് നടത്തുകയും ചെയ്തു.
നാലാം തവണയാണ് പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്. എന്നാല്‍, ഇതുവരെ കുറ്റക്കാരെ കണ്ടുപിടിക്കാന്‍ പൊലീസിനായിട്ടില്ല. മേഖലയിലെ ക്വാര്ട്ടേഴ്സുകളടക്കമുള്ള സ്ഥാപനങ്ങളില്‍നിന്നും കക്കൂസ് മാലിന്യം ശേഖരിച്ച് ദൂരസ്ഥലങ്ങളില്‍ തള്ളുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.
