ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വിവാഹ, വിഷു- റംസാൻ സ്റ്റോക്ക് കത്തിയമർന്നു, കോടികളുടെ നഷ്ടം



കോഴിക്കോട്: ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്ക്. തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. വിവാഹ സീസൺ കൂടി ആയതിനാലും റംസാൻ,വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കിലെടുത്തും വലിയ സ്‌റ്റോക്ക് സ്ഥാപനത്തിലുണ്ടായിരുന്നു.

ജയലക്ഷ്മി സിൽക്‌സിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. ഇന്ന് രാവിലെ പുലർച്ചയോടെയാണ് പൂർണമായും അണക്കാനായത്. ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ കോഴിക്കോട്ടേക്ക് ഇന്ന് എത്തും. അതിനുശേഷമാണ് സ്ഥാപനത്തിലുണ്ടായ നഷ്ടം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിക്കുക.

2023ൽ ജയലക്ഷ്മിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് തീപിടിത്തത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ടായിരുന്നു. അന്ന് നാല് കോടിയുടെ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. ഇത്തവണ കൂടുതൽ വലിയ തീപിടത്തമാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണത്തെ തീപിടത്തത്തിന്‍റെ കാരണമെന്തെന്ന് വിശദ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. വെഡ്ഢിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടർന്നതെന്നാണ് ഇതുവരെയുള്ള വിവരം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൂ.

2023ലെ തീപിടിത്തത്തിൽ സ്ഥാപനം നവീകരിച്ചതിന് ശേഷം ഫയർ അലാറവും ഫയർ ഫൈറ്റിങ് സംവിധാനവും സജ്ജീകരിച്ചിരുന്നു. അലറാം മുഴങ്ങിയിരുന്നെങ്കിലും മറ്റുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചോ എന്ന കാര്യം വ്യക്തമല്ല.